Home ഗൾഫ് പരിചിതൻ നൽകിയ പെട്ടി വിനയായി; ദുബൈയിൽ യാത്രക്കാരന് എട്ടിന്റെ പണി

പരിചിതൻ നൽകിയ പെട്ടി വിനയായി; ദുബൈയിൽ യാത്രക്കാരന് എട്ടിന്റെ പണി

ദുബൈ: അപൂർവ ഇനത്തില്‍പ്പെട്ട കരടികളെ കടത്താനുള്ള ശ്രമം തകർത്ത് ദുബൈ കസ്റ്റംസ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന കരടികളെ കടത്താൻ ശ്രമിച്ച ഏഷ്യൻ യാത്രക്കാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.പരിശോധനയ്ക്കിടെ സംശയം തോന്നിയ ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് കൊട്ടയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൃഗങ്ങളെ കണ്ടെത്തിയത്.യാത്രക്കാരന്റെ ലഗേജ് സ്കാൻ ചെയ്തപ്പോള്‍ കണ്ട അസാധാരണ രൂപങ്ങളാണ് ഉദ്യോഗസ്ഥരില്‍ സംശയമുണ്ടാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ സ്യൂട്ട്കേസിനുള്ളിലെ കൊട്ടയില്‍ മൃഗങ്ങളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ദ്ധരെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ മൃഗഡോക്ടർ നടത്തിയ പരിശോധനയില്‍ കരടികള്‍ ചത്തതാണെന്ന് സ്ഥിരീകരിച്ചു. ഇവ അന്താരാഷ്ട്ര തലത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള (CITES) വംശനാശഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെട്ടവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.ചോദ്യം ചെയ്യലില്‍ താൻ ചതിക്കപ്പെട്ടതാണെന്നാണ് യാത്രക്കാരൻ മൊഴി നല്‍കിയത്. ഒരു നിശ്ചിത തുക പ്രതിഫലം വാഗ്ദാനം ചെയ്താണ് പരിചക്കാരനായ മറ്റൊരാള്‍ ഈ സ്യൂട്ട്കേസ് കൈമാറിയത്. ദുബൈയില്‍ എത്തുമ്പോള്‍ ഒരാള്‍ തന്നെ ബന്ധപ്പെടുമെന്നും ലഗേജ് വാങ്ങുമെന്നുമാണ് തനിക്ക് ലഭിച്ച നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. ലഗേജിനുള്ളില്‍ എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യാത്രക്കാരൻ അവകാശപ്പെട്ടു.സാധാരണക്കാരായ യാത്രക്കാരെ കൊറിയർമാരായി ഉപയോഗിച്ച്‌ നിരോധിത വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ സജീവമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. ലഗേജിനുള്ളില്‍ എന്താണെന്ന് വ്യക്തമാക്കാതെ, പണം നല്‍കി ആളുകളെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി കടത്തുകാർ ചൂഷണം ചെയ്യുന്ന രീതിയാണിതെന്ന് അധികൃതർ വിലയിരുത്തുന്നു.

പരിശോധനകളില്‍ നൂതന സാങ്കേതികവിദ്യയും ഉദ്യോഗസ്ഥരുടെ ജാഗ്രതയും ഒരുപോലെ പ്രധാനമാണെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചർ ഓപ്പറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. വന്യജീവി കടത്ത് തടയുന്നതിനുള്ള അന്താരാഷ്ട്ര നിയമമായ സൈറ്റസ് (CITES) ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. തുടരന്വേഷണത്തിനായി കേസ് ദുബൈ പൊലിസിലെ പരിസ്ഥിതി കുറ്റകൃത്യ യൂണിറ്റിന് കൈമാറി.അപരിചിതരില്‍ നിന്ന് ലഗേജുകളോ സ്യൂട്ട്കേസുകളോ വാങ്ങി യാത്ര ചെയ്യരുതെന്ന് ദുബൈ കസ്റ്റംസ് കർശന മുന്നറിയിപ്പ് നല്‍കി. ലഗേജിനുള്ളിലെ സാധനങ്ങളെക്കുറിച്ച്‌ അറിവില്ലെങ്കില്‍ പോലും, നിയമവിരുദ്ധമായ എന്തെങ്കിലും പിടിക്കപ്പെട്ടാല്‍ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം യാത്രക്കാരനായിരിക്കും. ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം കള്ളക്കടത്തുകള്‍ക്കെതിരെ കർശന നിലപാട് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group