രണ്ടാം വിവാഹം കഴിക്കുന്നതിനെ എതിർത്ത അവിവാഹിതനായ മകനെ വെടിവെച്ചു കൊന്ന് അറുപതുകാരൻ ജീവനൊടുക്കി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.അത്താഴത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് വിരമിച്ച സൈനികനായ സുരീന്ദർ സിംഗ് തന്റെ മകനായ ഗുർഷരണ്‍ സിംഗിനെ (40)തെരുവിലിട്ട് വെടിവെച്ചുകൊന്ന ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്. വർഷങ്ങള്‍ക്ക് മുമ്പ് ഭാര്യ മരിച്ച സുരീന്ദർ രണ്ടാമത് വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മകൻ ഇതിനെ എതിർത്തതാണ് തർക്കത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നു.സുരീന്ദറും അവിവാഹിതനായ മകനും ഒരുമിച്ചായിരുന്നു താമസം. ഇവരുടെ രണ്ട് പെണ്‍മക്കള്‍ വിദേശത്താണ്. അത്താഴത്തിനിടയില്‍ തർക്കം രൂക്ഷമായതോടെ സുരീന്ദർ തന്റെ കൈവശമുണ്ടായിരുന്ന ഇരട്ടക്കുഴല്‍ തോക്കെടുത്ത് മകന് നേരെ വെടിയുതിർത്തു. ആദ്യം വെടി ലക്ഷ്യം തെറ്റിയതേടെ ജീവൻ രക്ഷിക്കാനായി മകൻ തെരുവിലേക്ക് ഓടി.
എന്നാല്‍ സുരീന്ദർ മകനെ പിന്തുടർന്ന് ചെന്ന് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ് രക്തത്തില്‍ കുളിച്ച മകനെ വഴിയില്‍ ഉപേക്ഷിച്ച് വീട്ടിലെത്തിയ സുരീന്ദർ അകത്തുനിന്നും വാതിലടച്ച് വിഷം കഴിച്ചു.റോഡില്‍ പരിക്കേറ്റ് കിടന്ന ഗുർഷരണിനെ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി വീടിന്റെ വാതില്‍ തകർത്ത് അകത്ത് കടന്നപ്പോള്‍ സുരീന്ദറിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. സംഭവസമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായും സ്ഥിരമായി ഇവർക്കിടയില്‍ വഴക്കുണ്ടാകാറുണ്ടെന്നും അയല്‍വാസികള്‍ മൊഴി നല്‍കി. മകനെ കൊലപ്പെടുത്തിയതിന് സുരീന്ദറിനെതിരെ പോലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.