Home കർണാടക ഈജിപുര ഫ്ലൈഓവര്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നു; ഒക്ടോബര്‍ അവസാനത്തോടെ തുറന്നു കൊടുക്കും?

ഈജിപുര ഫ്ലൈഓവര്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നു; ഒക്ടോബര്‍ അവസാനത്തോടെ തുറന്നു കൊടുക്കും?

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിന് അയവ് വരുത്തി കൊണ്ട് ഈജിപുര ഫ്ലൈഓവർ തുറക്കാൻ വൈകില്ലെന്ന് റിപ്പോർട്ട്.സാമ്പത്തിക പ്രശ്‌നങ്ങളും കരാറുകാരുടെ വീഴ്‌ചകളും കാരണം ഒരുകാലത്ത് മുടങ്ങിപ്പോയ ഈജിപുര ഫ്ലൈഓവർ പദ്ധതി ഏകദേശം ഒരു വർഷത്തോളം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇപ്പോള്‍, 762 സ്‌പാനുകളില്‍ 728 എണ്ണം സ്ഥാപിച്ചുകഴിഞ്ഞു. ഇനി വെറും 15 സ്‌പാനുകള്‍ മാത്രമാണ് പൂർത്തിയാക്കാനുള്ളത്.ഓരോ സ്‌പാനും ഉറപ്പിക്കാൻ ആറ് മുതല്‍ എട്ട് ദിവസം വരെ എടുക്കുമെന്ന് സൈറ്റിലെ ഒരു മുതിർന്ന എഞ്ചിനീയർ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ പദ്ധതി പൂർത്തിയാവുകയും ഗതാഗതം പൂർണമായി അനുവദിക്കുകയും ചെയ്യുമെന്നാണ് വിവരം. ഗേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ജൂലൈ മാസമായിരുന്നു നേരത്തെ സമയപരിധിയായി നല്‍കിയിരുന്നത്. എന്നാല്‍, 5,500 ചതുരശ്ര മീറ്ററിലധികം സ്വകാര്യ, സർക്കാർ ഭൂമി ഏറ്റെടുക്കാൻ വൈകിയത് പദ്ധതിയുടെ പുരോഗതിയെ ബാധിക്കുകയായിരുന്നു.

പോർട്ടല്‍ ബീമുകളുടെ നിർമ്മാണം നടക്കുകയും ഭൂരിഭാഗം ഭാഗങ്ങളും തയ്യാറാകുകയും ചെയ്‌തതോടെ എജിപുര മേല്‍പ്പാലം ഇനി വെറും നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രോജക്‌ട് അല്ലെന്ന് സൈറ്റ് എഞ്ചിനീയർ കൂട്ടിച്ചേർത്തു. ഇതൊരു അവസാനഘട്ടത്തിലെത്തിയ പദ്ധതിയാണ്. 2025-ല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂർത്തിയായിരുന്നെങ്കില്‍, ഈ മേല്‍പ്പാലത്തിലൂടെ ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുമായിരുന്നുവെന്നാണ് യാത്രക്കാർ ഉള്‍പ്പെടെ പറയുന്നത്.സെന്റ് ജോണ്‍സ് ആശുപത്രി അവരുടെ ക്യാമ്പസ് ഭൂമി ഉപയോഗിക്കാൻ സമ്മതിച്ചതിന് ശേഷം ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നതായി എഞ്ചിനീയർമാർ അറിയിച്ചു. കരാറുകാരൻ അടിത്തറ നിർമ്മാണം ഇതിനകം പൂർത്തിയാക്കി. സെന്റ് ജോണ്‍സ് മേഖലയിലെ പ്രധാന ഭാഗങ്ങളിലെ എല്ലാ പൈലുകളും പൈല്‍ ക്യാപ്പുകളും പൂർത്തിയായി. പദ്ധതിയുടെ പുരോഗതിയുടെ ഭാഗമായി, തൂണുകള്‍ നിർമ്മിച്ചു, പോർട്ടല്‍ ബീമുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്‌റ്റേജിംഗ് അതിവേഗം നടന്നുവരികയാണ്.മൊത്തം 762 സെഗ്‌മെന്റുകളില്‍ 728 എണ്ണം വാർത്തെടുത്തതായി പദ്ധതിയുടെ ചീഫ് എഞ്ചിനീയർ രാഘവേന്ദ്ര പ്രസാദ് പറഞ്ഞു. അവസാന സ്ഥാപിക്കലിനായി ഇനി 15 സ്‌പാനുകള്‍ മാത്രമേ ബാക്കിയുള്ളൂ. പൈലിംഗ് (ശക്തമായ അടിത്തറയ്‌ക്കായി മണ്ണ് തുരന്ന് സ്‌റ്റീല്‍ അല്ലെങ്കില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കല്‍), റാമ്പ് നിർമ്മാണം, റോഡ് വീതി കൂട്ടല്‍ എന്നിവ പോലുള്ള അനുബന്ധ ജോലികളും നിലവില്‍ പുരോഗമിക്കുകയാണ്.

ഈജിപുര ഫ്ലൈഓവറും ഗതാഗത കുരുക്കുംകോറമംഗലയ്ക്കും ഡോംലൂരിനുമിടയില്‍ യാത്ര ചെയ്യുന്നവർ ദിവസവും വലിയ ട്രാഫിക് ബ്ലോക്കുകള്‍ കാരണം സമയനഷ്‌ടം നേരിടുന്നുണ്ട്. ഓഫീസിലേക്ക് പോകുന്നവർ, വിദ്യാർത്ഥികള്‍, ഡെലിവറി ജീവനക്കാർ എന്നിവരെല്ലാം ഇതിനാല്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പൊതുഗതാഗത ബസുകള്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നതിനാല്‍ അവയുടെ സമയക്രമവും തെറ്റുന്നു.കോറമംഗലയിലെ പ്രധാന റോഡുകളില്‍ ഇപ്പോള്‍ സിഗ്നലുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സില്‍ക്ക് ബോർഡ്, സർജാപൂർ റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ട ട്രാഫിക്കുമായി കൂടിച്ചേരുന്നു. ഇത് സോണി വേള്‍ഡ് ജംഗ്ഷൻ പോലുള്ള കവലകളില്‍ കാത്തുനില്‍ക്കുന്ന സമയം വർധിപ്പിക്കുകയും ചെയ്യുന്നു. റെസിഡൻഷ്യല്‍ ബ്ലോക്കുകളിലെ പ്രാദേശിക റോഡുകളിലേക്ക് പതിവിലധികം വാഹനങ്ങള്‍ പ്രവേശിക്കുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group