ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തില്‍ നിർണ്ണായക നീക്കങ്ങള്‍. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സർക്കാർ രൂപീകരണ ചർച്ചകളില്‍ വിടുതലൈ ചിരുതൈകള്‍ കക്ഷി നിർണ്ണായക ശക്തിയായേക്കും.വിജയിന്റെ തമിഴക വെട്രി കഴകവും തോള്‍ തിരുമാവളവന്റെ വിടുതലൈ ചിരുതൈകള്‍ കക്ഷിയും തമ്മിലുള്ള ചർച്ചകള്‍ ചൂടുപിടിക്കുകയാണ്. സഖ്യത്തിനായി വിസികെ മുന്നോട്ടുവെച്ച കടുപ്പമേറിയ നിബന്ധനകളാണെന്നാണ് പുറത്ത് വരുന്ന വിവരം.സർക്കാരുണ്ടാക്കുന്നതിനായി വിജയിന്റെ ടിവികെയെ പിന്തുണയ്ക്കുന്നതിന് പകരമായി ഭരണത്തില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന അഞ്ച് പ്രധാന ആവശ്യങ്ങളാണ് തോള്‍ തിരുമാവളവൻ മുന്നോട്ടുവെച്ചിരിക്കുന്നത്. വി സി കെ അധ്യക്ഷൻ തോള്‍ തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണം. ദളിത് രാഷ്ട്രീയത്തിന് ഭരണത്തില്‍ നേരിട്ടുള്ള പങ്കാളിത്തം വേണമെന്ന പാർട്ടിയുടെ ദീർഘകാല ആവശ്യമാണിത്.
നിലവില്‍ വിജയ് മത്സരിച്ച മണ്ഡലങ്ങളില്‍ ഒന്നായ തിരുച്ചി ഈസ്റ്റ് മണ്ഡലത്തില്‍ വിസികെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ അനുവദിക്കണം. നിലവിലെ വി സി കെ എം എല്‍ എമാരില്‍ രണ്ടുപേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം. തോള്‍ തിരുമാവളവൻ നിലവില്‍ പ്രതിനിധീകരിക്കുന്ന ചിദംബരം ലോക്സഭ മണ്ഡലം ഒഴിവാക്കുമ്പോള്‍, അവിടെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിസികെ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാൻ ടിവികെ പിന്തുണ നല്‍കണം.സർക്കാരിന്റെ പ്രവർത്തനം സുതാര്യമാക്കുന്നതിനും വിസികെയുടെ നയങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനും ഒരു പൊതുമിനിമം പരിപാടി തയ്യാറാക്കി നടപ്പാക്കണം.നിലവില്‍ ടി വി കെയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകളുടെ കുറവുള്ള സാഹചര്യത്തില്‍, വിസികെയുടെ രണ്ട് സീറ്റുകള്‍ നിർണ്ണായകമാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ വി സി കെ കൂടി സഖ്യത്തിലെത്തിയാല്‍ വിജയിക്ക് സുഗമമായി സർക്കാർ രൂപീകരിക്കാൻ സാധിക്കും.