Home കർണാടക ബെംഗളൂരുവിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ ഇടനാഴി; 73 കി.മീറ്റര്‍ നീളം, വമ്പൻ പദ്ധതിക്ക് സര്‍ക്കാര്‍

ബെംഗളൂരുവിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ ഇടനാഴി; 73 കി.മീറ്റര്‍ നീളം, വമ്പൻ പദ്ധതിക്ക് സര്‍ക്കാര്‍

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനത്തിൻ്റെ ആണിക്കാല്ലാണ് ബെംഗളൂരു മെട്രോ. നഗരത്തിൻ്റെ ഗതാഗതം സുഗമമാക്കുന്നതിലും വിവിധ കോണുകളെ ബന്ധിപ്പിക്കാനും നമ്മ മെട്രോ സർവീസുകള്‍ക്ക് സാധിക്കുന്നുണ്ട്.ജനങ്ങളുടെ യാത്ര കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മെട്രോ പദ്ധതി വ്യാപിപ്പിക്കുകയാണ് സർക്കാർ.ബെംഗളൂരു മെട്രോയുടെ വികസനത്തിൻ്റെ ഭാഗമായി ബെംഗളൂരുവിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ഇടനാഴിയുടെ സാധ്യതാ റിപ്പോർട്ട് പൂർത്തിയായി. 73 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയുടെ സാധ്യതാ റിപ്പോർട്ട് മെയ് മാസത്തോടെ സംസ്ഥാന സർക്കാരിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. നഗരത്തിലുടനീളം മെട്രോ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎല്‍) വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

പുതിയ മെട്രോ ഇടനാഴിക്ക് 73 കിലോമീറ്റർ നീളമുണ്ടാകും. ഇതില്‍ നിർദിഷ്ട സ്പോർട്സ് സ്റ്റേഡിയവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പ്രത്യേക ബ്രാഞ്ച് ലൈൻ ഉള്‍പ്പെടും. ബന്നർഘട്ട, ജിഗാനി, അട്ടിബെലെ, സർജാപൂർ, വർത്തൂർ തുടങ്ങിയ പ്രധാന പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നതെന്നാണ് വിലയിരുത്തല്‍. അതിവേഗം വളരുന്ന റെസിഡൻഷ്യല്‍ സോണുകളും പ്രധാന ഐടി ഹബ്ബുകളും ഉള്‍പ്പെടുന്നതിനാല്‍ ഈ സ്ഥലങ്ങള്‍ പ്രധാനമാണ്. ബെംഗളൂരു ഗതാഗതക്കുരുക്ക് കുറയ്ക്കാനും ദൈനംദിന യാത്രക്കാർക്ക് മികച്ച കണക്റ്റിവിറ്റി നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു.പദ്ധതി സർക്കാർ അംഗീകരിച്ചാല്‍ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കും. ഇതിനായി ഏകദേശം ഒരു വർഷമെടുക്കും. പദ്ധതിക്കായുള്ള സംസ്ഥാന – കേന്ദ്ര അനുമതികള്‍ക്കായി രണ്ട് വർഷം വേണ്ടിവന്നേക്കും. 2029 ഓടെ പദ്ധതി പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. ഭാവിയിലെ നാലാം ഘട്ട മാസ്റ്റർപ്ലാനിന്റെ ഭാഗമായി പലപ്പോഴും പരാമർശിക്കപ്പെടുന്ന പദ്ധതി ബെംഗളൂരു നഗരത്തിൻ്റെ തെക്കൻ പ്രദേശങ്ങളെ നഗരത്തിൻ്റെ കിഴക്കൻ ഭാഗങ്ങളെയും പ്രദേശത്തെ ടെക് ഹബ്ബുകളുമായും ബന്ധിപ്പിക്കും.73 കി.മീ (68 കി.മീ പ്രധാന ലൈൻ + 5 കി.മീ സ്റ്റേഡിയം സ്പർ) ദൈർഘ്യമുള്ള ഇടനാഴി തെക്ക് കലേന അഗ്രഹാരയെ കിഴക്ക് കടുഗോഡി ട്രീ പാർക്കുമായി ബന്ധിപ്പിക്കും.

ബന്നാർഘട്ട, ജിഗാനി, അട്ടിബെലെ, സർജാപൂർ, ദൊമ്മസാന്ദ്ര സർക്കിള്‍, വർത്തൂർ കോടി എന്നിവയുള്‍പ്പെടെ അതിവേഗം വളരുന്ന മേഖലകളിലൂടെയാണ് ഇടനാഴി കടന്നുപോകുന്നത്. പാതയില്‍ 50ലധികം സ്റ്റേഷനുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സ്പോർട്സ് കോംപ്ലക്സിലേക്ക് നയിക്കുന്ന 5 കിലോമീറ്റർ സ്പർ ലൈൻ ആണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്ന്.ബൊമ്മസാന്ദ്രയില്‍ നിന്ന് തമിഴ്‌നാടിലേക്കുള്ള അവസാന നഗര പ്രാന്തപ്രദേശമായ ആറ്റിബെലെ വരെ യെല്ലോ ലൈൻ 11 കിലോമീറ്റർ നീട്ടാനും ബിഎംആർസിഎല്‍ നിർദേശിച്ചിട്ടുണ്ട്. ഇത് അയല്‍ സംസ്ഥാനമായ ഹൊസൂർ – ബൊമ്മസാന്ദ്ര ഇടനാഴിയുടെ പദ്ധതികളെ ബാധിക്കുന്നു. അതേസമയം, ബൊമ്മസാന്ദ്രയ്ക്കും ഹൊസൂറിനും ഇടയില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന മെട്രോ പാത നിർമിക്കാനുള്ള തമിഴ്‌നാടിന്റെ പദ്ധതികളോട് കർണാടകയും വലിയ അനുകൂല നിലപാട് കാട്ടിയിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group