ബെംഗളൂരു: വൈദ്യുതി തകരാറിനെ തുടർന്ന് പർപ്പിൾ ലൈനിലെ കബ്ബൺ പാർക്ക് ഭൂഗർഭമെട്രോ സ്റ്റേഷൻ നാല് മണിക്കൂർ അടച്ചിട്ടു. സ്റ്റേഷൻ പരിസരത്തെ ലൈറ്റിംഗ് സംവിധാനം മുടങ്ങിയതിനാൽ ഇത് വഴിയുള്ള ട്രെയിനുകളുടെ സ്റ്റോപ്പ് താത്കാലികമായി ഒഴിവാക്കുകയായിരുന്നു. പർപ്പിൾ ലൈനിൽ ട്രെയിനുകൾ രാവിലെ 7 നും 11 നും ഇടയിൽ സർവീസ് തുടർന്നെങ്കിലും കബ്ബൺ പാർക്ക് സ്റ്റേഷനിൽ നിർത്തിയില്ല. പകരം സമീപ സ്റ്റേഷനുകളായ വിധാൻ സൗധ, എംജി റോഡ് എന്നിവ ഉപയോഗപ്പെടുത്താൻ അധികൃതർ യാത്രക്കാരോട് നിർദേശിക്കുകയായിരുന്നു.വൈദ്യതി തടസ്സം കബ്ബനിലെ ഭൂഗർഭസ്റ്റേഷനിൽ മാത്രമായിരുന്നുവെന്നും പാതയിലെ ട്രെയിൻ ഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അധികൃതർ പറഞ്ഞു. “വൈദ്യുതി വിതരണ പ്രശ്നം കാരണം, ഭൂഗർഭ സ്റ്റേഷനിലെ ലൈറ്റിംഗ് സംവിധാനങ്ങൾ പ്രവർത്തനരഹിതമായിരുന്നു. ട്രെയിൻ പ്രവർത്തനങ്ങളെ ബാധിച്ചില്ലെങ്കിലും, സുരക്ഷാ നടപടിയായി സ്റ്റേഷൻ താൽക്കാലികമായി അടച്ചിട്ടു. തകരാർ പരിഹരിച്ചതിന് ശേഷം സർവീസുകൾ പുനരാരംഭിച്ചുതായും ഉദ്യോഗസ്ഥൻ പറഞ്ഞു.