ബെംഗളൂരു: ഉത്തരേന്ത്യൻ നഗരങ്ങളും ദക്ഷിണേന്ത്യൻ നഗരങ്ങളും തമ്മില്‍ വലിയ മത്സരം നടക്കുന്നുണ്ട്. ഇത് ദക്ഷിണേന്ത്യക്കാർക്ക് അത്ര ധാരണയില്ലായിരിക്കാം.എന്നാല്‍ ഉത്തരേന്ത്യൻ മാധ്യമങ്ങളില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ വാർത്തകള്‍ ദക്ഷിണേന്ത്യൻ നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയവയുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ളതായിരിക്കും. അത്തരമൊരു വാർത്ത വീണ്ടും സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ബെംഗളൂരുവില്‍ നിന്ന് നോയ്‍ഡയിലേക്ക് ജോലി മാറ്റിയ ഒരു ടെക്കി തന്റെ തീരുമാനം തെറ്റായിരുന്നോ എന്ന് എക്സില്‍ ഒരു ചോദ്യമുന്നയിച്ചു. ദുരുദ്ദേശ്യമൊന്നുമില്ലാത്ത ഈ പോസ്റ്റില്‍ പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്. എന്നാല്‍ ഇതിനെ ബെംഗളൂരുവും നോയ്ഡയും തമ്മിലുള്ള മത്സരമായാണ് വാർത്തകളില്‍ ചിത്രീകരിക്കപ്പെടുന്നത്.രമണ്‍ ഝാ എന്നയാളുടെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്: “ഞാൻ അടുത്തിടെ ബാംഗ്ലൂരില്‍ നിന്ന് നോയിഡയിലേക്ക് താമസം മാറി. എന്റെ സർക്കിളിലുള്ള എല്ലാവരും പറഞ്ഞത് അത് കരിയർപരമായി നോക്കുമ്പോള്‍ തെറ്റായ തീരുമാനമായിരുന്നു എന്നാണ്. അതൊരു നല്ല തീരുമാനമായിരുന്നോ? നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ പറയൂ.
” നേരിട്ടുള്ള ഈ ചോദ്യത്തിന് ദക്ഷിണേന്ത്യക്കാരും ഉത്തരേന്ത്യക്കാരും വളരെ പൊസിറ്റീവായാണ് പ്രതികരിക്കുന്നത്.അക്ഷയ് എന്ന ഒരു ഉപയോക്താവ് രമണിന്റെ വീട് എവിടെയാണെന്ന് അന്വേഷിക്കുന്നു. ബിഹാറിലാണെന്ന് മറുപടി. എങ്കില്‍ രമണിന്റെ തീരുമാനം ശരിയാണെന്ന് അക്ഷയ് പറയുന്നു: “നോയിഡ നിങ്ങളുടെ വീടിനടുത്താണ്. എന്തായാലും നോയിഡയിലെ അനുഭവങ്ങള്‍ സമ്പാദിക്കൂ. ബാംഗ്ലൂർ നല്ലതാണ്, പക്ഷേ ചെലവേറിയതാണ്. ഇപ്പോള്‍ വടക്കൻ മേഖലയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമനുഭവപ്പെടും.” ഇതിനോട് രമണും യോജിക്കുന്നുണ്ട്. “അതെ, അതും മനസ്സില്‍ വെച്ചുകൊണ്ടാണ് ഞാൻ താമസം മാറിയത്. എന്റെ വീട് ഇപ്പോള്‍ അടുത്താണ്. ബെംഗളൂരുവില്‍ കെമ്പെഗൗഡയിലേക്ക് 80 കിലോമീറ്റർ യാത്ര ചെയ്യണം. എന്നിട്ടു വേണം വീട്ടിലേക്ക് എത്താൻ. ദിസ് ഈ ഹസാർഡസ്,” രമണ്‍ പറയുന്നു.രണ്ട് നഗരങ്ങളുടെയും പ്രത്യേകതകള്‍ വെച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്. നോയിഡയില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും, മികച്ച സാങ്കേതിക പരിസ്ഥിതി വ്യവസ്ഥ വളർന്നിട്ടുണ്ടെന്നും ചിലർ പറയുന്നു.
സാങ്കേതിക വ്യവസായത്തില്‍ ദക്ഷിണേന്ത്യയെ ഉത്തരേന്ത്യ കവച്ചു വെക്കാൻ തുടങ്ങുന്നു എന്ന പ്രചാരണത്തിനാണ് പല മാധ്യമങ്ങളും ഈ ചർച്ചയെ ഉപയോഗിക്കുന്നത്.ജീവിതച്ചെലവ് കൂടുതലാണെന്ന കാരണത്താല്‍ ജോലി മാറേണ്ട കാര്യമില്ലെന്നാണ് ചിലരുടെ വാദം. കാരണം, ഇപ്പോള്‍ മിക്ക മെട്രോ നഗരങ്ങളിലും ഏതാണ്ട് സമാനമായ ജീവിതച്ചെലവാണ് ഉള്ളത്. അതേസമയം മലിനീകരണം ഒരു പ്രശ്നമാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. നോയ്ഡയിലും ബെംഗളൂരുവിലും മലനീകരണമുണ്ടെങ്കിലും നോയ്ഡയില്‍ ചില മാസങ്ങളില്‍ ജീവിക്കാൻ കഴിയാത്ത തരത്തിലുള്ള മലിനീകരണമാണ്.ഇത്തരം തീരുമാനങ്ങള്‍ ഓരോരുത്തരുടെയും ജീവിതശൈലിയെയും, മുൻഗണനകളെയും, അടിസ്ഥാനപ്പെടുത്തി എടുക്കുന്നതാണെന്നും അതില്‍ പൊതുവായി ഒന്നും കാണാൻ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു ചിലർ. എന്താണ് ശരി എന്താണ് തെറ്റ് എന്നൊന്നും പുറത്തുനിന്നുള്ളവർക്ക് നിർവചിക്കാൻ കഴിയില്ലെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഇന്ന് മിക്ക മെട്രോ നഗരങ്ങളും ഉയർന്ന ചെലവുകളും, തിരക്ക്, മലിനീകരണം തുടങ്ങിയ സമാനമായ വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ആത്യന്തികമായി വ്യക്തിഗത സുഖസൗകര്യങ്ങള്‍ നോക്കിയാണ് ഇത്തരം കാര്യങ്ങളില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടത്.