ബെംഗളൂരു: മെയ് രണ്ടിന് ബെംഗളൂരുവിലുള്ളവരുടെ ഫോണുകള്‍ നിർത്താതെ ശബ്ദിക്കും. അതുകേട്ട് പരിഭ്രാന്തരാകേണ്ടതില്ല.ഒരു അപായ അലേർട്ട് സംവിധാനം പരീക്ഷിക്കുകയാണ് സർക്കാർ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നാണ് ബിപ്പ് ശബ്ദത്തോടു കൂടിയ ഈ അലേർട്ട് എത്തുക. ഇതൊരു അടിയന്തിര മുന്നറിയിപ്പ് സംവിധാനമാണ്. ഭാവിയില്‍ അടിയന്തിര സാഹചര്യങ്ങളുണ്ടാവുകയാണെങ്കില്‍ ഈ മുന്നറിയിപ്പ് ശബ്ദം ഫോണുകളിലെത്തും. കൂടെ സന്ദേശങ്ങളും വരും. അതില്‍ എന്താണ് പ്രശ്നമെന്നും, എന്തെല്ലാം നടപടികളാണ് എടുക്കേണ്ടതെന്നുമെല്ലാം വ്യക്തമാക്കിയിരിക്കും.കനത്ത മഴയെത്തുടർന്ന് ശിവാജിനഗർ മേഖലയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേർ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലും ഇന്ത്യയിലെ മറ്റ് നിരവധി നഗരങ്ങളിലും പുതിയ അലേർട്ട് സംവിധാനം പരീക്ഷിക്കുന്നത്. മെയ് 2 ന് ഈ പരീക്ഷണം നടക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചു.
2023 ല്‍ ബെംഗളൂരുവില്‍ സമാനമായ ‘അടിയന്തര അലേർട്ട്’ പരീക്ഷണം നടത്തിയിരുന്നു.ഒരു യഥാർത്ഥ അടിയന്തര സാഹചര്യത്തില്‍ ഫോണ്‍ ബീപ്പ് ചെയ്യുന്നതിനൊപ്പം, എന്താണ് സംഭവിക്കുന്നത്, എവിടെയാണം പ്രശ്നമുള്ളത്, അത് എത്രത്തോളം ഗുരുതരമാണ്, അതിനെ നേരിടാൻ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന സന്ദേശവും ഉണ്ടാകും. ഫോണില്‍ ഉച്ചത്തില്‍ സൈറണ്‍/ബീപ്പ് പ്ലേ ചെയ്യുകയോ വൈബ്രേറ്റ് ചെയ്യുകയോ ചെയ്യും. തുടർന്ന് സ്‌ക്രീനില്‍ മുഴുവനായി തെളിയുന്ന ഒരു സന്ദേശം ദൃശ്യമാകും.എന്തു തരം ദുരന്തത്തെയാണ് നേരിടാൻ പോകുന്നത് എന്ന് ഈ സന്ദേശത്തിലുണ്ടായിരിക്കും. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വ്യാവസായിക വാതക ചോർച്ച മുതലായവയെല്ലാം ഇത്തരത്തില്‍ അറിയിക്കും. ഏതൊക്കെ ജില്ലകളെ/പ്രദേശങ്ങളെ ഈ പ്രശ്നം ബാധിക്കും എന്ന കാര്യവും സന്ദേശത്തിലുണ്ടായിരിക്കും.
അടിയന്തിര സാഹചര്യതയ്തിന്റെ തീവ്രതയും ഭീഷണിയുടെ തോതും, അപായം പ്രതീക്ഷിക്കുന്ന സമയവുമെല്ലാം ഇതില്‍ വ്യക്തമാക്കും. കൂടാതെ ഇപ്പോള്‍ എന്തുചെയ്യണമെന്ന കാര്യവും സന്ദേശത്തില്‍ ഉണ്ടായിരിക്കും. ഉയർന്ന സ്ഥലങ്ങളിലേക്ക് മാറുക, ചില സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക, വീടിനുള്ളില്‍ തന്നെ തുടരുക, തീരപ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുക, നിർദ്ദിഷ്ട വഴികളിലൂടെ മാത്രം പോവുക തുടങ്ങി എന്ത് പരിഹാരമാണോ ഉള്ളത്, അത് സന്ദേശത്തില്‍ വിവരിക്കും.’അലേർട്ട് + വിശദീകരണം + നിർദ്ദേശങ്ങള്‍’ എന്ന നിലയിലാണ് ഈ അടിയന്തിര മുന്നറിയിപ്പ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.നാളെ വരുന്നത് ടെസ്റ്റ് അലേർട്ടാണ്. ഇതില്‍ സന്ദേശമായി വരിക ‘ടെസ്റ്റ്’ എന്നോ, ‘സാമ്പിള്‍ ടെസ്റ്റിംഗ് സന്ദേശം’ എന്നോ ഒക്കെയായിരിക്കും.പുതിയ അലേർട്ട് സംവിധാനത്തിന്റെ കാര്യക്ഷമത അളക്കാൻ വേണ്ടിയാണ് ഈ നടപടി. ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ദുരന്ത നിവാരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിര്‍ത്തിയാണ് സർക്കാര്‍ മുമ്പോട്ട് പോകുന്നത്. അടിയന്തര ഘട്ടങ്ങളില്‍ തത്സമയ അലേർട്ടുകള്‍ ഇനി സാധാരണമായിത്തുടങ്ങും. ഇതിനായി സെല്‍ ബ്രോഡ്കാസ്റ്റ് (CB) സാങ്കേതികവിദ്യ രാജ്യവ്യാപകമായി വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍.