ബെംഗളൂരു: ബെംഗളൂരു നഗരത്തിലൂടെ ആറ് കുട്ടികള്‍ ഒരു സ്കൂട്ടറില്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി.10-12 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടികള്‍, ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന സ്കൂട്ടറില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. ഏപ്രില്‍ 26-ന് നടന്ന ഈ സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പുറംലോകമറിഞ്ഞത്.നഗരത്തിലെ പദരായണപുര മെയിൻ റോഡില്‍ രാവിലെ 10:45-ഓടെയാണ് സംഭവം അരങ്ങേറിയത്. ഹാൻഡിലില്‍ പിടിച്ച് സ്കൂട്ടർ നിയന്ത്രിക്കാൻ പാടുപെടുന്ന ഒരു കുട്ടിയും, അവന് പിന്നിലായി തിങ്ങിയിരിക്കുന്ന മറ്റ് അഞ്ച് കുട്ടികളുമാണ് ദൃശ്യങ്ങളിലുള്ളത്. ആരുടേയും തലയില്‍ ഹെല്‍മെറ്റില്ല. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ തിരക്കേറിയ റോഡിലൂടെ ഇവർ കുതിച്ചുപായുന്നത് മറ്റ് വാഹനയാത്രക്കാരിലും പരിഭ്രാന്തി പരത്തി.
വീഡിയോ വൈറലായതിന് പിന്നാലെ ട്രാഫിക് പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും രക്ഷിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ഉയർന്നത്. ‘ഇതൊരു വെറും കുട്ടിക്കളിയല്ല, മറിച്ച് ക്രിമിനല്‍ അശ്രദ്ധയാണ്’ എന്ന് പലരും അഭിപ്രായപ്പെട്ടു. സ്കൂട്ടർ നമ്പർ പരിശോധിച്ച് കുട്ടികളുടെ രക്ഷിതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമായി.മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്കർ റാവു ഉള്‍പ്പെടെയുള്ളവർ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ ഈ പ്രവൃത്തിക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കർശനമായ നടപടി സ്വീകരിക്കണമെന്നും, ഇത്തരക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ ബെംഗളൂരു ട്രാഫിക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.