Home കർണാടക റോഡിലെ കുഴികള്‍ ഭീഷണിയാകുന്നു: പോര്‍ഷെയുടെ ബോണറ്റില്‍വച്ച്‌ സിമന്റ് കുഴച്ച്‌ കുഴിയടച്ച്‌ സംരഭകന്‍: ചര്‍ച്ചയായി വീഡിയോ

റോഡിലെ കുഴികള്‍ ഭീഷണിയാകുന്നു: പോര്‍ഷെയുടെ ബോണറ്റില്‍വച്ച്‌ സിമന്റ് കുഴച്ച്‌ കുഴിയടച്ച്‌ സംരഭകന്‍: ചര്‍ച്ചയായി വീഡിയോ

by ടാർസ്യുസ്

റോഡിലെ കുഴികള്‍ പലപ്പോഴും പൊതുജനങ്ങള്‍ക്ക് കടുത്ത ഭീഷണിയാകാറുണ്ട്. ഇപ്പോഴിതാ റോഡുകളുടെ ഈ ഒരു ശോചനീയാവസ്ഥയിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ അഖില്‍ യാദവ്.തന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ചുവന്ന പോര്‍ഷെ കാറിന്റെ ബോണറ്റ് സിമന്റ് കൂട്ടാനായി ഉപയോഗിച്ചാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്.ചുവന്ന പോര്‍ഷെ കാറില്‍ വന്നിറങ്ങിയ അഖില്‍, സിമന്റും മണലുമടക്കമുള്ള സാധനങ്ങള്‍ കാറില്‍ നിന്ന് പുറത്തെടുത്തു. തുടര്‍ന്ന് തന്റെ കോട്ടും കണ്ണടയും സഹായിയെ ഏല്‍പ്പിച്ച ശേഷം, കാറിന്റെ ബോണറ്റിലിട്ട് സിമന്റ് മിശ്രിതം തയ്യാറാക്കി.

റോഡിലെ വലിയൊരു കുഴി ഈ മിശ്രിതം ഉപയോഗിച്ച്‌ അദ്ദേഹം തന്നെ നേരിട്ട് അടയ്ക്കുകയും ചെയ്തു. ജോലി പൂര്‍ത്തിയാക്കിയ ശേഷം കാറില്‍ കയറി അദ്ദേഹം മടങ്ങുന്നതാണ് വീഡിയോയിലുള്ളത്.വീഡിയോ വൈറലായതോടെ അഖിലിന്റെ ഈ വേറിട്ട പ്രതിഷേധത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ ഇത്തരം പ്രവൃത്തികള്‍ ഉപകരിക്കുമെന്ന് ചിലര്‍ പറയുമ്പോള്‍, ഇത് വെറും പ്രശസ്തിക്ക് വേണ്ടിയുള്ള നാടകമാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. എന്തുതന്നെയായാലും ബെംഗളൂരുവിലെ റോഡുകളുടെ ശോചനീയാവസ്ഥ ചര്‍ച്ചയാക്കാന്‍ ഈ ‘പോര്‍ഷെ പ്രതിഷേധം’ വഴിതെളിച്ചിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group