ബെംഗളൂരു: ഐടി കമ്പനി നല്‍കിയ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.പണം തിരികെ ആവശ്യപ്പെട്ട മുതിർന്ന മാനേജർക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയതായും യുവാവിനെതിരെ പരാതിയുണ്ട്. ബെംഗളൂരു വർത്തൂർ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2 ലക്ഷം രൂപ വരെ മാത്രം ചെലവാക്കാൻ അനുമതിയുള്ള കാർഡാണ് യുവാവിന് നല്‍കിയിരുന്നത്. 2023 ഒക്ടോബർ മുതല്‍ 2024 ജനുവരി വരെയുള്ള നാല് മാസത്തിനിടെ 27,01,139 രൂപയാണ് ഇയാള്‍ കാർഡ് വഴി ചെലവാക്കിയത്. തട്ടിപ്പ് പിടിക്കപ്പെട്ടപ്പോള്‍, ചൈനയിലെയും പാകിസ്ഥാനിലെയും ചിലരുടെ ഭീഷണി മൂലമാണ് പണം ചെലവാക്കിയതെന്നായിരുന്നു യുവാവിന്റെ വിശദീകരണം. തുക മൂന്ന് ഗഡുക്കളായി തിരികെ നല്‍കാമെന്ന് ഇയാള്‍ കമ്പനിക്ക് ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ പണം നല്‍കാതെ സമയം നീട്ടിക്കൊണ്ടുപോയ യുവാവ്, ഒടുവില്‍ പണം തിരികെ ചോദിച്ച മാനേജർക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെയാണ് കമ്പനി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ വർത്തൂർ പോലീസ് സ്റ്റേഷൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.