Home കർണാടക ബെംഗളൂരുവില്‍ 500 രൂപ മതി ഒരു ദിവസത്തെ ചിലവിന്, ചര്‍ച്ചയായി യുവതിയുടെ വീഡിയോ

ബെംഗളൂരുവില്‍ 500 രൂപ മതി ഒരു ദിവസത്തെ ചിലവിന്, ചര്‍ച്ചയായി യുവതിയുടെ വീഡിയോ

by ടാർസ്യുസ്

ബംഗളൂരു: ഇന്നത്തെ കാലത്ത് പിടിച്ചാല്‍ കിട്ടാത്ത തരത്തിലാണ് ജീവിതച്ചെലവ് ഉയരുന്നത്. പ്രത്യേകിച്ച്‌ നഗരങ്ങളില്‍.ഒരു ദിവസം തള്ളി നീക്കാൻ 500 രൂപ മതിയാകുമോ. അതും ബെംഗളൂരു പോലൊരു നഗരത്തില്‍.500 രൂപ കൊണ്ട് ബെംഗളൂരുവില്‍ ഒരു ദിവസം ജീവിച്ച്‌ കാണിക്കുന്ന പ്രിയങ്ക എന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നഗരത്തിലെ വർധിച്ചുവരുന്ന നിത്യച്ചെലവുകളെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് ഈ വീഡിയോ വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.ബെംഗളൂരുവിലെ കണ്ടന്റ് ക്രിയേറ്ററായ പ്രിയങ്ക മണ്ഡല്‍ ഒരു ദിവസം 500 രൂപ മാത്രം ഉപയോഗിച്ച്‌ ജീവിക്കാൻ നടത്തിയ ശ്രമമാണ് വ്ളോഗായി പങ്കുവെച്ചിരിക്കുന്നത്. പലരും ചിന്തിച്ചിട്ടുണ്ടാകാമെങ്കിലും പ്രാവർത്തികമാക്കാൻ ധൈര്യപ്പെടാത്ത ഒരു വെല്ലുവിളിയായിരുന്നു പ്രിയങ്ക ഏറ്റെടുത്തത്. ഒരു ദിവസം 500 രൂപ ഉപയോഗിച്ച്‌ ഭക്ഷണം, യാത്ര, മറ്റ് ചെറിയ ചിലവുകള്‍ എന്നിവ എങ്ങനെ സാധിക്കുമെന്ന് അവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ കാണിച്ച്‌ തരുന്നു.രാവിലെ ഇഡ്ഡലി പോലുള്ള എളുപ്പത്തില്‍ കിട്ടുന്ന കുറഞ്ഞ ചിലവിലുള്ള ഭക്ഷണം കഴിച്ച്‌ പ്രിയങ്ക തന്റെ ദിവസം ആരംഭിച്ചു. യാത്രകള്‍ക്കായി അവർ പൂർണ്ണമായും മെട്രോയെയാണ് ആശ്രയിച്ചത്. ക്യാബുകള്‍ ഒഴിവാക്കി ബഡ്ജറ്റിനെ നിയന്ത്രിക്കാൻ കഴിവിൻ്റെ പരമാവധി അവർ ശ്രമിച്ചു.

ഇതിനിടയില്‍ അധികം പണം ചിലവഴിക്കാതെ ഒരു ചായ കുടിക്കാനും അവർ സമയം കണ്ടെത്തി.എന്നാല്‍ ഉച്ചഭക്ഷണ സമയത്താണ് വെല്ലുവിളി യഥാർത്ഥത്തില്‍ എത്തിയതെന്ന് പ്രിയങ്ക പറയുന്നു. മെനുകാർഡുകളിലെ വില അതിശയിപ്പിച്ചെന്നും, ഒരു സാധാരണ ഭക്ഷണം പോലും താങ്ങാൻ പറ്റാത്തത്ര ചിലവേറിയതായി തോന്നിയെന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും ബുദ്ധിമുട്ടോടെയാണെങ്കിലും ഏകദേശം 120 രൂപ ചിലവഴിച്ച്‌ ബഡ്ജറ്റിനുള്ളില്‍ ഒരു ഭക്ഷണം കണ്ടെത്താൻ അവർക്ക് കഴിഞ്ഞു.അതിനുശേഷം ഓരോ തീരുമാനങ്ങളും കൂടുതല്‍ ശ്രദ്ധയോടെയാണ് പ്രിയങ്ക എടുത്തത്. വൈകുന്നേരമായപ്പോള്‍ പുതിയ പരീക്ഷണങ്ങള്‍ക്കൊന്നും അവർ മുതിർന്നില്ല, ഒരു വട പാവോ ചായയോ കഴിച്ച്‌ ആ ദിവസം അവസാനിപ്പിച്ചു. ഒരു ദിവസത്തെ മുഴുവൻ ചെലവുകളും 500 രൂപയ്ക്കുളളില്‍ ഒതുക്കാൻ സാധിച്ചുവെന്ന് പ്രിയങ്ക പറയുന്നു. മാത്രമല്ല 200 രൂപ ബാക്കിയുമുണ്ടായിരുന്നു.പ്രിയങ്കയുടെ വീഡിയോ ബംഗളൂരു നിവാസികള്‍ക്കിടയില്‍ വലിയ ചർച്ചയായിരിക്കുകയാണ്. നഗരത്തിലെ ദൈനംദിന ചിലവുകള്‍ നിയന്ത്രിക്കാൻ പാടുപെടുന്ന പലരുടെയും അനുഭവങ്ങള്‍ കമന്റുകളിലൂടെ പുറത്തുവന്നു. ചിലർ ചിലവ് ചുരുക്കാനുള്ള സ്വന്തം വഴികളും പങ്കുവെച്ചു. “ബംഗളൂരു ഇന്ത്യ കാന്റീനില്‍ പോയി 30- രൂപക്ക് ഭക്ഷണം കഴിക്കാം,” ഒരാള്‍ അഭിപ്രായപ്പെട്ടു. “ഞാനും ഇതുതന്നെയാണ് ചെയ്യുന്നത്,” മറ്റൊരാള്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group