Home കർണാടക ബെംഗളൂരു ബിസിനസ് കോറിഡോര്‍ പദ്ധതി; ചിലവ് കുത്തനെ ഉയരും, 3500 കോടി അധികമായി വേണ്ടി വരും..!

ബെംഗളൂരു ബിസിനസ് കോറിഡോര്‍ പദ്ധതി; ചിലവ് കുത്തനെ ഉയരും, 3500 കോടി അധികമായി വേണ്ടി വരും..!

by ടാർസ്യുസ്

ബെംഗളൂരു: നഗരനിവാസികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന പദ്ധതിയാണ് പഴയ പെരിഫറല്‍ റിംഗ് റോഡ് അല്ലെങ്കില്‍ ബിസിനസ് കോറിഡോർ.പദ്ധതിയുമായി ബന്ധപ്പെട്ട കാത്തിരിപ്പ് വർഷങ്ങള്‍ പിന്നിടുകയാണ്. ഇപ്പോഴിതാ ബിസിനസ് കോറിഡോറിന്റെ (ബിബിസി) 73 കിലോമീറ്റർ ഒന്നാം ഘട്ടത്തിന് ഏകദേശം 3500 കോടി രൂപയുടെ അധിക ചിലവുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.2022-23ല്‍ 6800-7000 കോടി രൂപയായിരുന്നത് നിലവില്‍ 10,500 കോടി രൂപയായി ഉയർന്നു. പദ്ധതി മുന്നോട്ട് പോകുമ്പോള്‍ ചിലവ് ഇനിയും വർധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. മുൻപ് പെരിഫറല്‍ റിംഗ് റോഡ് (പിആർആർ) എന്നറിയപ്പെട്ടിരുന്ന ബിബിസി പദ്ധതിയുടെ പുതുക്കിയ എസ്‌റ്റിമേറ്റ് പുതിയ രൂപകല്‍പ്പനകളെയും നിലവിലെ നിരക്കുകളെയും ആശ്രയിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി ഓരോ വർഷവും 8-10 ശതമാനം വർധിക്കുന്ന വാർഷിക നിരക്കുകളും, പ്രധാന രൂപകല്‍പ്പന മാറ്റങ്ങളുമാണ് ഈ ചിലവ് കുതിച്ചുയരാൻ കാരണമായത്. റോഡിന്റെ വീതി 50 മീറ്ററില്‍ നിന്ന് 65 മീറ്ററായി വർധിപ്പിച്ചു. ഇരുവശങ്ങളിലും സർവീസ് റോഡുകള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്. മുൻപ് മൂന്ന് പ്രധാന ഇന്റർചേഞ്ചുകള്‍ ഉണ്ടായിരുന്നത് എട്ടായി വർധിപ്പിച്ചതായും, പാക്കേജ് ഒന്നില്‍ അഞ്ച് കിലോമീറ്റർ എലവേറ്റഡ് പാത ഉള്‍പ്പെടെ നിരവധി ഫ്ലൈഓവറുകള്‍ ചേർത്തതായും അധികൃതർ അറിയിച്ചു.ദൊഡ്ഡബല്ലാപ്പൂർ റോഡ്, ഹെന്നൂർ റോഡ് (ബൈരതിക്ക് സമീപം), വൈറ്റ്ഫീല്‍ഡ്, സർജാപ്പൂർ എന്നിവിടങ്ങളിലെ പ്രധാന ജംഗ്ഷനുകളില്‍ മള്‍ട്ടിപ്പിള്‍ ക്ലൊവർലീഫ് ഇന്റർചേഞ്ചുകള്‍ ചേർത്തതും, കൂടുതല്‍ എലവേറ്റഡ് പാതകള്‍ നിർമ്മിച്ചതും ഈ ചിലവിന് കാരണമായി. ഒന്നാം ഘട്ടത്തെ 21 കി.മീ, 20 കി.മീ, 30 കി.മീ എന്നിങ്ങനെ മൂന്ന് പാക്കേജുകളായാണ് തിരിച്ചിരിക്കുന്നത്.ഇതിന് പിന്നാലെ പെരിഫറല്‍ റിംഗ് റോഡ് റൈത്ത ഹാഗു നിവേശനദാരര സംഘം (കർഷക കൂട്ടായ്‌മകളും ഭൂവുടമകളും) പദ്ധതി ചിലവ് കുത്തനെ ഉയർന്നതിനെതിരെ ആശങ്ക രേഖപ്പെടുത്തി.

ആദ്യ പാക്കേജിനായുള്ള സിവില്‍ നിർമ്മാണ ചിലവ് ഒരു കിലോമീറ്ററിന് 82 കോടി രൂപയില്‍ (100 മീറ്റർ റോഡിന്) നിന്ന് നിലവിലെ ടെണ്ടറില്‍ ഏകദേശം 230 കോടി രൂപയായി (65 മീറ്റർ റോഡിന്) വർധിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്.നിലവിലെ നിരക്കുകള്‍ 73 കിലോമീറ്റർ പാതയ്ക്ക് മുഴുവൻ ബാധകമാക്കിയാല്‍, പദ്ധതി ചിലവ് കുത്തനെ ഉയരുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. അതിലൂടെ ഒന്നാം ഘട്ടത്തിനുള്ള മൊത്തം ചിലവ് 180 ശതമാനം വരെ വർധിക്കാൻ ഇടയുണ്ടെന്നാണ് സൂചന. അന്തിമ പാരിസ്ഥിതിക അനുമതിയും വിശദമായ പദ്ധതി റിപ്പോർട്ടും (ഡിപിആർ) ലഭിക്കും മുൻപുള്ള ടെൻഡർ നടപടികളെയും ഒരുവിഭാഗം ചോദ്യം ചെയ്യുന്നുണ്ട്.വെല്ലുവിളികള്‍ ഒട്ടേറെഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഈ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളികളാണ്. 2013-ലെ ഭൂരേഖ നിയമപ്രകാരം നഷ്‌ടപരിഹാരം തേടി കർഷകർ രംഗത്തെത്തിയിട്ടുണ്ട്, ഇത് കോടതിയിലും എത്തി. പദ്ധതിക്കായി 2500 ഏക്കറിലധികം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഏകദേശം 33,000 മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുമെന്നതും പരിശോധനയിലുണ്ട്. ബെംഗളൂരുവിന്റെ വികസനവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്ന പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

You may also like

error: Content is protected !!
Join Our WhatsApp Group