ബംഗളുരു: ബംഗളുരുവില്‍ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ യുവവ്യവസായി അറസ്റ്റില്‍.ബെംഗളൂരു ഇന്ദിരാ നഗറിലെ കൃപലാനിയാണ് (36) അറസ്റ്റിലായത്. ഏഴ് വർഷത്തോളം ഉദ്യോഗസ്ഥയെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പരാതി.വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇലക്ട്രോണിക് സാധനങ്ങള്‍ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന ബിസിനസുകാരനാണ് കൃപലാനി. ഇതിനിടയിലാണ് ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥയുമായി പ്രണയം നടിച്ചു അടുത്ത് കൂടുന്നത്. ശേഷം ഇയാള്‍ ഉദ്യോഗസ്ഥയെ ലൈംഗീകമായി ചുഷണം ചെയ്തു.പിന്നീട് താൻ പറയുന്നത് കേട്ടില്ലെങ്കില്‍ സ്വകാര്യ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അതോടൊപ്പം പരാതിക്കാരി ജോലിയില്‍ നടത്തിയ ചില വീഴ്ചകള്‍ മുതലെടുത്തും ഇയാള്‍ ബ്ലാക്ക്മെയിലിങ് ചെയ്തു. പിന്നീട് ഇവരുടെ സഹപ്രവർത്തകരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവരെയും ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയും ചെയ്തു.ഏകദേശം ഏഴ് വർഷത്തോളം കൃപലാനിയുടെ ഉപദ്രവം സഹിച്ച ശേഷമാണ് ഉദ്യോഗസ്ഥ യെലഹങ്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവം നടന്ന സ്ഥലം ഇന്ദിരാനഗർ പരിധിയിലായതിനാല്‍ പൊലീസ് കേസ് അവിടേക്ക് കൈമാറുകയായിരുന്നു. പ്രതേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്.