ബെംഗളൂരു: കുടുംബത്തിലെ സാമ്പത്തിക തർക്കത്തെത്തുടർന്നുണ്ടായ വഴക്കിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പോലീസ് പിടിയിലായി.നാഗസന്ദ്ര സ്വദേശിനി കാവ്യ (35) ആണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് ധാര്യപ്പയെ (45) പോലീസ് അറസ്റ്റ് ചെയ്തു. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.സ്വന്തം സഹോദരന് രണ്ട് ലക്ഷം രൂപ നല്‍കാനുള്ള ധാര്യപ്പയുടെ തീരുമാനത്തെ കാവ്യ എതിർത്തതാണ് പ്രകോപനത്തിന് കാരണമായത്. ഇതേച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ ദീർഘനേരം വാക്കുതർക്കം നിലനിന്നിരുന്നു. തർക്കം മൂർച്ഛിച്ചതോടെ ധാര്യപ്പ കാവ്യയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തില്‍ ആഞ്ഞു ചവിട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാവ്യ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.കൊലപാതകത്തിന് ശേഷം പരിഭ്രാന്തനായ ധാര്യപ്പ ഏകദേശം രണ്ട് മണിക്കൂറോളം മൃതദേഹത്തിനൊപ്പം വീട്ടില്‍ തന്നെ ഇരുന്നു. തുടർന്ന് ഇയാള്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.ദമ്പതികള്‍ക്ക് പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകനും കോളേജ് വിദ്യാർത്ഥിനിയായ മകളുമുണ്ട്. സംഭവസമയത്ത് കുട്ടികള്‍ വീട്ടിലില്ലായിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.കുടുംബാംഗങ്ങള്‍ തമ്മിലുള്ള ചെറിയ തർക്കം ഇത്രയും ദാരുണമായ കൊലപാതകത്തിലേക്ക് നീങ്ങിയത് നാഗസന്ദ്ര നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.