ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ ഐടി സ്ഥാപനങ്ങളില്‍ നടന്ന കൂട്ട ലേ ഓഫില്‍ നിരവധി പേർക്കാണ് തൊഴില്‍ നഷ്ടമായത്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കടുത്ത ആശങ്കയാണ് റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ പലരും പങ്കുവെയ്ക്കുന്നത്.എന്നാല്‍ ജോലി ചെയ്യുന്ന സമയത്തെ കൃത്യമായ സാമ്പത്തിക അച്ചടക്കം എങ്ങനെ തങ്ങളെ ഈ സമയങ്ങളില്‍ തുണച്ചു എന്ന് വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്റുകളും ചർച്ചയാകുന്നുണ്ട്. അത്തരമൊരു പോസ്റ്റ് ഹിന്ദുസ്ഥാൻ ടൈംസും റിപ്പോർട്ട് ചെയ്തു.രണ്ട് കോടിയുടെ വീട് വാങ്ങാനുള്ള സാഹചര്യം ഉണ്ടായിട്ടും ഇഎംഐ എടുത്ത് വീട് വാങ്ങാതെ 3 ബിഎച്ച്കെയില്‍ താമസിക്കാൻ എടുത്ത തീരുമാനം തനിക്ക് ഇപ്പോള്‍ വളരെ ആശ്വാസം നല്‍കുന്നുണ്ടെന്നാണ് യുവാവിൻ്റെ പോസ്റ്റ്. ദീർഘകാല സാമ്പത്തിക ബാധ്യതകളേക്കാള്‍ സാമ്പത്തിക സ്വാതന്ത്ര്യമാണ് താൻ തിരഞ്ഞെടുത്തതെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു.’കഴിഞ്ഞ വർഷം ബെംഗളൂരുവില്‍ ഒരു 3ബിഎച്ച്കെ വീടിനായി ഞാൻ അന്വേഷണത്തിലായിരുന്നു. ഓഹരികള്‍ ഉള്‍പ്പെടെ എനിക്ക് 2 കോടി രൂപയുടെ ആസ്തി ഉണ്ട്.
വീട് വാങ്ങാൻ അത് മതിയായിരുന്നു. എന്നാല്‍, എഐ മൈഗ്രേഷൻ ടീമില്‍ പ്രവർത്തിച്ചതിനാല്‍ അടുത്ത 2-3 വർഷത്തിനുള്ളില്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് ഏകദേശം ധാരണയുണ്ടായിരുന്നു. ഒരു മണിക്കൂർ അകലെയുള്ള വീട് വാങ്ങി ഇഎംഐ അടയ്ക്കുന്നതിന് പകരം ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കാൻ അങ്ങനെ ഞാൻ തീരുമാനിച്ചു. ആ തീരുമാനം എന്നെയിപ്പോള്‍ സന്തോഷിപ്പിക്കുന്നുണ്ട്’, അദ്ദേഹം കുറിച്ചു. ‘കഴിഞ്ഞയാഴ്ച എനിക്ക് ജോലി നഷ്ടമായി, എനിക്ക് ഇതില്‍പ്പരം സന്തോഷം കിട്ടാനില്ല. വലിയ EMI ബാധ്യത എന്റെ തലയിലുണ്ടായിരുന്നില്ല. അടുത്ത കരിയർ നീക്കം ആസൂത്രണം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്കിപ്പോള്‍ കഴിയും’,യുവാവ് കുറിച്ചു.അതേസമയം ലേഓഫ് ബെംഗളൂരുവിലെ ഭവന ആവശ്യകതകളേയും ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സ്ഥിരവരുമാനവും എളുപ്പത്തിലുള്ള വായ്പകളും മൂലം നിരവധി പേരാണ് ഈ വർഷങ്ങളില്‍ സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. അതേസമയം ആഗോള സംഘർഷങ്ങള്‍, എഐയുടെ അതിവേഗ വ്യാപനം എന്നിവ കണക്കിലെടുത്ത് കൃത്യമായ കരുതലോടെ നീങ്ങിയില്ലെങ്കില്‍ ഭാവിയില്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്. എഐയുടെ പുരോഗതി തൊഴില്‍ മേഖലയെ മാറ്റിയെഴുതുന്നതിനെക്കുറിച്ചാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.അതേസമയം തൊഴില്‍ സുരക്ഷയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ചിലർ പങ്കുവെച്ച ആശങ്കകള്‍. ബെംഗളൂരുവിലെ ഉയർന്നുവരുന്ന വസ്തുവിലകള്‍ ന്യായീകരിക്കാവുന്നതാണോ എന്നാണ് ചിലരുടെ ചോദ്യം.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജലത്തിന്റെ ഗുണനിലവാരക്കുറവും അവർ ചൂണ്ടിക്കാട്ടി. പരിമിതമായ സ്റ്റോക്ക് ഉണ്ടെന്ന് പറഞ്ഞ് വില്ക്കാത്ത യൂണിറ്റുകള്‍ വിപണനം ചെയ്ത്, ഡെവലപ്പർമാർ കൃത്രിമ ആവശ്യകത ഉണ്ടാക്കുകയാണെന്നും ചിലർ ആരോപിച്ചു.’2025 ഓഗസ്റ്റില്‍ ഞാൻ തന്നീസന്ദ്ര മുതല്‍ വർദ്ധൂർ വരെയുള്ള 20-ലധികം പ്രോജക്റ്റുകള്‍ സന്ദർശിച്ചിരുന്നു. മിക്ക ഡെവലപ്പർമാരും തങ്ങള്‍ക്ക് 2-3 യൂണിറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞു; ബാക്കിയെല്ലാം വിറ്റുപോയെന്നും അറിയിച്ചു. എന്നാല്‍ 6 മാസം മുൻപുള്ളതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ എനിക്ക് ഇപ്പോഴും ഈ ബില്‍ഡർമാരില്‍ നിന്ന് കോളുകള്‍ വരുന്നുണ്ട്. അവർ ആവശ്യം വർദ്ധിപ്പിക്കാൻ അനാവശ്യ ഭീതി ഉണ്ടാക്കുകയാണ്. മിക്ക യൂണിറ്റുകളും ബ്രോക്കർമാരും ഇൻസൈഡർമാരും വാങ്ങുകയും ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുകയും ചെയ്യുന്നു’, എന്നാണ് ഒരാള്‍ കുറിച്ചത്.അതേസമയം, വർദ്ധിച്ചുവരുന്ന ഇഎംഐകള്‍ നഗരങ്ങളിലെ വീട് വാങ്ങുന്നവർക്ക് വലിയ സാമ്പത്തിക ഭീഷണി ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. തൊഴില്‍ സാഹചര്യങ്ങളിലെ അനിശ്ചിതത്വം ഇതിനെ കൂടുതല്‍ വഷളാക്കാം. വീട് വാങ്ങുന്നതിനായി ബഡ്ജറ്റിന് അപ്പുറം പണം മുടക്കുന്നത്, ഇരട്ട വരുമാനമുള്ള കുടുംബങ്ങളെപ്പോലും സാമ്പത്തികമായി ദുർബലരാക്കുമെന്നാണ് മുന്നറിയിപ്പ്.