Home കർണാടക ബെംഗളൂരുവില്‍ ഹൈദരാബാദിലേക്ക് ഇനി വേഗത്തിലെത്താം; വന്ദേഭാരത് കുതിക്കും..നിര്‍ണായക തീരുമാനവുമായി റെയില്‍വെ

ബെംഗളൂരുവില്‍ ഹൈദരാബാദിലേക്ക് ഇനി വേഗത്തിലെത്താം; വന്ദേഭാരത് കുതിക്കും..നിര്‍ണായക തീരുമാനവുമായി റെയില്‍വെ

by ടാർസ്യുസ്

ബെംഗളൂരു: യെലഹങ്ക-ധർമ്മവരം റെയില്‍ പാതയില്‍ ഇനി’ട്രെയിനുകള്‍ക്ക് വേഗം കൂടും. 130 കിലോമീറ്റർ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള അനുമതി റെയില്‍ സുരക്ഷാ കമ്മീഷണർ നല്‍കി.ദീർഘദൂര, അർദ്ധ-അതിവേഗ സർവീസുകള്‍ക്ക് പുതിയ ഉത്തരവ് വലിയ സഹായകമാകും. ഈ റൂട്ടുവഴിയുള്ള യാത്രാസമയം കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും നീക്കം സഹായിക്കും.ഇരട്ടിപ്പിച്ച പാതയുടെ സുരക്ഷാ പരിശോധനകള്‍ പൂർത്തിയായി. ഇതിന് പിന്നാലെയാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് ട്രാക്ക് എഞ്ചിനീയർ അന്തിമാനുമതി നല്‍കിയത്. 161 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയില്‍ നേരത്തേ 110 കിലോമീറ്ററായിരുന്നു വേഗപരിധി. ബെംഗളൂരുവില്‍ നിന്ന് വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കുള്ള സർവീസുകള്‍ക്ക് ഇത് ഗുണകരമാകും.ബെംഗളൂരു റെയില്‍വേ ഡിവിഷനില്‍ 130 കിലോമീറ്റർ വേഗതയ്ക്ക് അനുമതി ലഭിക്കുന്ന രണ്ടാമത്തെ പാതയാണ് യെലഹങ്ക-ധർമ്മവരം. ബെംഗളൂരു-ജോളാർപ്പേട്ടൈ പാതയിലായിരുന്നു ആദ്യം വേഗ പരിധി ഉയർത്തിയത്. വർദ്ധിച്ചുവരുന്ന യാത്രാ, ട്രെയിൻ വോളിയം കൈകാര്യം ചെയ്യാൻ ഈ പാതകള്‍ നിർണ്ണായകമാണെന്ന് അധികൃതർ പറയുന്നു.

ബെംഗളൂരു-ഹൈദരാബാദ് റൂട്ടിലെ യശ്വന്ത്പൂർ-കാച്ചേഗുഡ വന്ദേ ഭാരത് എക്സ്പ്രസിന് ഇനി വേഗം കൂടും. 160 കിലോമീറ്റർ വേഗതത്തില്‍ യാത്ര ചെയ്യാൻ സാധിക്കുന്നവയാണ് വന്ദേഭാരത് ട്രെയിനുകള്‍. ഈ റെയില്‍പാതയില്‍ വേഗപരിധി കുറഞ്ഞതിനാല്‍ ട്രെയിനുകള്‍ക്ക് പൂർണ്ണ ശേഷിയില്‍ ഓടാനായിരുന്നില്ല. അതുകൊണ്ട് തന്നെ വേഗത 130 കിമി ഉയർത്തിയതോടെ വളരെ പെട്ടെന്ന് തന്നെ വന്ദേഭാരത് ട്രെയിനുകള്‍ക്ക് ഈ റൂട്ടില്‍ സഞ്ചരിക്കാനാകും.അതേസമയം ബെംഗളൂരുവിലെ മറ്റൊരു വലിയ പദ്ധതിയായ ബൈയപ്പനഹള്ളി-ബെംഗളൂരു കന്റോണ്‍മെന്റ് റെയില്‍ പാതയുടെ നാലുവരിപ്പാത നിർമ്മാണവും പൂർത്തിയാവാറായിട്ടുണ്ട്. 5 കിലോമീറ്റർ ദൂരമുള്ള ഈ ഭാഗത്ത് ബെംഗളൂരു ഈസ്റ്റ് സ്റ്റേഷനുമുണ്ട്. തിരക്കേറിയ ഈ വിഭാഗത്തില്‍ ശേഷി വർദ്ധിപ്പിക്കാൻ പുതിയ മൂന്നും നാലും ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.റെയില്‍ സുരക്ഷാ കമ്മീഷണർ ബൈയപ്പനഹള്ളി-കന്റോണ്‍മെന്റ് ഭാഗത്തെ അധിക ലൈനുകളിലെ പരിശോധനയും വേഗതാ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. പാതകള്‍ കമ്മീഷൻ ചെയ്യാനും അനുമതി ലഭിച്ചിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ റെയില്‍ പ്രവേശനത്തെ ഇത് ലഘൂകരിക്കുമെന്നാണ് റെയില്‍വേ അധികൃതർ പ്രതീക്ഷിക്കുന്നത്.യെലഹങ്ക-ധർമ്മവരം അതിവേഗ ഇടനാഴിയും ബൈയപ്പനഹള്ളി-കന്റോണ്‍മെന്റ് വിഭാഗവും റെയില്‍വേ ശേഷി വർദ്ധിപ്പിച്ച്‌ കാലതാമസം കുറച്ച്‌ ബെംഗളൂരുവിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ഹൈദരാബാദ്, വടക്കുകിഴക്കൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാർക്ക് യാത്രാസമയത്തിലും സേവന വിശ്വാസ്യതയിലും പുരോഗതി പ്രതീക്ഷിക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group