ബെംഗളൂരു: കന്നഡ ഭാഷയെയും സംസ്കാരത്തെയും വിദ്യാർഥികള്‍ ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വേശ്വരയ്യ സാങ്കേതിക സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകള്‍ക്ക് നിർദ്ദേശം നല്കി.ഈ നിർദ്ദേശം പാലിച്ചില്ലെങ്കില്‍ കർശനമായ നടപടി നേരിടേണ്ടി വരുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു. കന്നഡ ഡവലപ്മെന്റ് അതോരിറ്റി കഴിഞ്ഞ ദിവസം നല്കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിശ്വേശ്വരയ്യ സർവകലാശാലയുടെ ഈ നടപടി. മലയാളികളക്കം നിരവധി ഇതര സംസ്ഥാനക്കാർ വിശ്വേശ്വരയ്യ സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്നുണ്ട്.ക്ലാസ് മുറികളിലും, ഹോസ്റ്റലുകളിലും ക്യാമ്പസിലും കന്നഡ ഭാഷയെ അപമാനിക്കുന്ന ഒരു വാക്ക് പോലും ഉച്ചരിക്കപ്പെടരുതെന്നാണ് നിർദ്ദേശമുള്ളത്. ഇത് ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. അടുത്തിടെ ബെംഗളൂരുവില്‍ തന്നെ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് ക്യാമ്പസില്‍ ഒരു ‘കന്നഡ സംഘം’ രൂപീകരിച്ചിരുന്നു. സർവകലാശാലയില്‍ എല്ലാ തലങ്ങളിലും കന്നഡ ഭാഷയുടെ ഉപയോഗം ഉറപ്പു വരുത്തുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം.അടുത്തിടെ ഒരു കോളേജ് ഹോസ്റ്റലില്‍ കന്നഡ ഭാഷ സംസാരിക്കുന്ന വിദ്യാർത്ഥി ഹിന്ദി സംസാരിക്കുന്ന വാർഡനെ ഭാഷയുടെ പേരില്‍ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കന്നഡയില്‍ സംസാരിക്കുന്ന വിദ്യാർത്ഥിയോട് ‘കന്നഡ നിങ്ങള്‍ വീട്ടില്‍ സംസാരിച്ചാല്‍ മതി, ഹോസ്റ്റലില്‍ ഹിന്ദി സംസാരിക്കണം’ എന്ന് വാർഡൻ പറഞ്ഞു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബെംഗളൂരുവിലെ ‘ഹിന്ദി അധിനിവേശം’ വീണ്ടും ചർച്ചയിലെത്തി.ഈ സംഭവത്തിനു പിന്നാലെ വാർഡനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയില്‍ കന്നഡ സംഘടനകളുടെ പ്രതിഷേധം നടന്നു.”കന്നഡ നമ്മുടെ നാടിന്റെ ഭാഷയാണ്. ഭാഷയെ ബഹുമാനിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. ഞങ്ങള്‍ക്ക് 220 അഫിലിയേറ്റഡ് കോളേജുകളുണ്ട്. 3 ലക്ഷം വിദ്യാർത്ഥികളുണ്ട്. കർണാടകയ്ക്കും ഇന്ത്യയ്ക്കും പുറത്തുനിന്നുള്ള വിദ്യാർത്ഥികളും ഈ കോളേജുകളിലുണ്ട്. ഇവിടങ്ങളില്‍ എല്ലാ തലങ്ങളിലും കന്നഡയെ ബഹുമാനിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും. ചില അസുഖകരമായ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍, അത്തരം സംഭവങ്ങള്‍ തടയുന്നതിന് ഞങ്ങള്‍ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്,” വിശ്വേശ്വരയ്യ സർവകലാശാലയുടെ വൈസ് ചാൻസലർ വിദ്യാശങ്കർ എസ് പറഞ്ഞു.കന്നഡ ഭാഷ സംബന്ധിച്ച പുതിയ നിർദ്ദേശം ലംഘിക്കുന്ന ആർക്കെതിരെയും നടപടി ഉറപ്പാക്കുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി.