ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്യാർഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച പ്രൊഫസർക്ക് സസ്പെൻഷൻ. പിഇഎസ് സർവകലാശാലയിലെ അധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്.മുരളീധർ ദേശ്പാണ്ഡെക്കെതിരെയാണ് സർവകലാശാല നടപടിയെടുത്തത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാർത്ഥിയെ അധ്യാപകൻ തുടർച്ചയായി അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടർന്നാണ് നടപടിയെടുത്തത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ക്ലാസ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് വിദ്യാർത്ഥിയോട് അധ്യാപകൻ പൊട്ടിത്തെറിക്കുകയായിരുന്നു. വീഡിയോയില്‍ ഏകദേശം 13 തവണ തീവ്രവാദിയെന്ന് വിളിക്കുന്നതായി സമൂഹമാധ്യമത്തില്‍ പ്രചരിച്ച പോസ്റ്റില്‍ വ്യക്തമാകുന്നു.“നിനക്ക് നാണമില്ലേ? തീവ്രവാദി. ഞാൻ നിന്നെ തീവ്രവാദി എന്ന് തന്നെ വിളിക്കും,” എന്ന് അധ്യാപകൻ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും സർവകലാശാല നിയോഗിച്ച അച്ചടക്ക സമിതി തെളിവുകള്‍ പരിശോധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും സർവകലാശാല ചാൻസലർ ജവഹർ ദൊരൈസ്വാമി പ്രതികരിച്ചു. അന്വേഷണത്തിന് ശേഷം പൊലീസില്‍ പരാതി നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.