ബെംഗളൂരു: യെലഹങ്കയ്ക്കടുത്ത് കോഗിലുവില്‍ നിന്ന് കുടിയിറക്കിയവരില്‍ 12 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ് നല്‍കാൻ കർണാടക സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.രാജീവ് ഗാന്ധി ഭവന നിർമാണ പദ്ധതി പ്രകാരം ബയ്പ്പനഹള്ളിയില്‍ നിർമിച്ച ഫ്ലാറ്റുകളാണ് ഇവർക്ക് കൈമാറുന്നത്. അർഹതയുണ്ടെന്ന് കണ്ടെത്തിയ 61ല്‍ 49 കുടുംബങ്ങളെ മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ തത്കാലം ഒഴിവാക്കി. 165 കുടുംബങ്ങളെയാണ് അനധികൃത താമസക്കാരെന്ന് ആരോപിച്ച് കുടിയൊഴിപ്പിച്ചതെന്നാണ് സർക്കാർ വാദം. എന്നാല്‍ 350ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വലിയ വിവാദമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കള്‍ കർണാടക സർക്കാറിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർന്നാണ് വീട് നഷ്ടപ്പെട്ടവർക്ക് വീട് നല്‍കാമെന്ന് കർണാടക സർക്കാർ അറിയിച്ചത്. എന്നാല്‍, ഫ്ലാറ്റുകള്‍ക്ക് പണം നല്‍കണമെന്നായിരുന്നു ആദ്യം പറഞ്ഞത്. ഈ നീക്കം വിമർശനം നേരിട്ടതോടെ ഉപേക്ഷിച്ചു.2025 ഡിസംബറിലാണ് കർണാടകയിലെ യെലഹങ്കയിലെ കൊഗിലുവില്‍ ഒറ്റരാത്രി കൊണ്ട് ഇത്രയും വീടുകള്‍ കൈയേറ്റമാരോപിച്ച് പൊളിച്ചത്.
വിവാദമായതോടെ ഫ്ലാറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. ബൈപ്പനഹള്ളിയില്‍ ഫ്ലാറ്റിന് പണം നല്‍കേണ്ടി വരില്ലെന്നും സർക്കാർ അറിയിച്ചു. ജനറല്‍ വിഭാഗത്തിന് സബ്സിഡിയായി 8.7 ലക്ഷം രൂപ നല്‍കും. കൂടാതെ മിച്ചമുള്ള തുക വായ്പയായി നല്‍കും. എസ്‍സി, എസ്ടി വിഭാഗത്തിന് സബ്സിഡിയായി നല്‍കുക 9.5 ലക്ഷം രൂപയാണ്. സംസ്ഥാന ഗവണ്‍മെന്റ് സബ്സിഡിക്ക് പുറമെ കേന്ദ്ര സബ്സിഡിയും ലഭ്യമാക്കും. നേരത്തെ ബിബിഎംപി സബ്സിഡി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. 5 ലക്ഷം രൂപ നല്‍കും എന്നായിരുന്നു പ്രഖ്യാപനം. അർഹരായവരുടെ പട്ടിക തയ്യാറാക്കി തുടങ്ങുമെന്നും ജനുവരി ഒന്നു മുതല്‍ ഫ്ലാറ്റുകള്‍ കൈമാറി തുടങ്ങുമെന്നും സർക്കാർ അറിയിച്ചിരുന്നു.ഉർദു ഗവണ്‍മെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമി താമസക്കാർ കൈയേറിയതെന്നായിരുന്നു ജിബിഎ ഉദ്യോഗസ്ഥരുടെ ആരോപണം. പുലർച്ചെ 4 മണിയോടെ ആരംഭിച്ച പൊളിക്കല്‍ യജ്ഞത്തില്‍ 350 ലധികം കുടുംബങ്ങള്‍ ഭവനരഹിതരായി മാറി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകള്‍ പൊളിച്ചുമാറ്റിയത്.