ബെംഗളൂരു: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കാരണമുള്ള പിരിച്ചുവിടലുകളും സാമ്പത്തിക പ്രതിസന്ധിയുമൊക്കെയാണ് ഐടി മേഖലയില്‍ ആശങ്ക വിതച്ചിരുന്നതെങ്കില്‍ ഇപ്പോഴുള്ള ചര്‍ച്ചകള്‍ പാചകവാതക ക്ഷാമത്തെക്കുറിച്ചാണ്.കോടിക്കണക്കിന് രൂപയുടെ വിദേശ പ്രോജക്റ്റുകളും നിക്ഷേപവും ചര്‍ച്ച ചെയ്യാറുള്ള ഇന്ത്യയിലെ ഐടി ഇടനാഴികളില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ ഭക്ഷണ മെനുവിനെക്കുറിച്ചാണ്. പശ്ചിമേഷ്യയില്‍ തുടരുന്ന ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മൂലം എല്‍പിജി വിതരണത്തിലുണ്ടായ അപ്രതീക്ഷിത തടസം ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, കോഗ്‌നിസന്റ് തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര ഐടി ഭീമന്മാരെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്.പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ ഐടി ഹബ്ബുകളിലെ കോര്‍പ്പറേറ്റ് അടുക്കളകള്‍ പുകയാതായതോടെ, ജീവനക്കാരോട് ഭക്ഷണം കൊണ്ടുവരാന്‍ കമ്പനികള്‍ ഔദ്യോഗികമായി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍ ബെംഗളൂരുവില്‍ ഉള്‍പ്പെടെ ഹോസ്റ്റലുകളിലും പിജികളിലും താമസിച്ച് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ഈ നിര്‍ദേശം പ്രായോഗികമല്ല.ഐടി കാമ്പസുകളില്‍ ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ കാന്റീനുകള്‍ ഭാഗികമായി അടച്ചുപൂട്ടുകയോ മെനു വെട്ടിക്കുറയ്ക്കുകയോ ചെയ്തിരിക്കുകയാണ്.
ഈ പ്രതിസന്ധിയില്‍ ആദ്യം തന്നെ ഇടപെട്ടത് ഇന്‍ഫോസിസ് ആണ്. കഴിഞ്ഞ വെള്ളിയാഴ്ച പൂനെ കാമ്പസിലെ കാന്റീന്‍ കമ്മിറ്റി പുറത്തിറക്കിയ നിര്‍ദേശത്തില്‍ ജീവനക്കാര്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.കാന്റീന്‍ വെണ്ടര്‍മാര്‍ക്ക് ആവശ്യത്തിന് എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കാത്തതിനാല്‍ പൂര്‍ണതോതില്‍ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ കാറ്ററിംഗ് ആവശ്യമുള്ള ഇവന്റുകള്‍ കാമ്പസിനുള്ളില്‍ ഒഴിവാക്കണമെന്നും കമ്പനി അറിയിച്ചു. തൊട്ടുപിന്നാലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലും സമാനമായ സാഹചര്യം ഉടലെടുത്തു. ടിസിഎസിന്റെ ചില കാമ്പസുകള്‍ ജീവനക്കാരോട് വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പൂനെ യേര്‍വാഡയിലുള്ള ടിസിഎസ് കൊമേഴ്സ് സോണ്‍ കാമ്പസില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തന്നെ ഉച്ചഭക്ഷണത്തിന് ദാല്‍-റൈസ് മാത്രമാണ് ലഭിക്കുന്നതെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ ടിസിഎസിന്റെ ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്ക് (ഐടിപിഎല്‍) കാമ്പസില്‍ സ്ഥിതി ഇതിലും മോശമാണ്. മാര്‍ച്ച് 11 മുതല്‍ അവിടെ ലെമണ്‍ റൈസും സാന്‍ഡ്വിച്ചും മാത്രമാണ് ഭക്ഷണമായി ലഭിക്കുന്നത്. എന്നാല്‍ പൂനെയിലെ ടിസിഎസ് ആസ്ഥാനമായ സഹ്യാദ്രി പാര്‍ക്കില്‍ നിലവില്‍ കാര്യമായ തടസമില്ലെങ്കിലും ക്ഷാമം തുടര്‍ന്നാല്‍ അവിടെയും നിയന്ത്രണങ്ങള്‍ വരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്.കോഗ്‌നിസന്റ്, വിപ്രോ എന്നീ കമ്പനികളിലും മെനുവില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഗ്‌നിസന്റിന്റെ പൂനെ കാമ്പസിലെ ലൈവ് കൗണ്ടറുകള്‍ പാടെ നിര്‍ത്തിവെച്ചു. ദോശ, പുലാവ്, പാവ് ഭാജി തുടങ്ങിയ വിഭവങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. വിപ്രോയുടെ ഹിഞ്ചേവാഡി കാമ്പസിലും ഫാസ്റ്റ് ഫുഡ്, ചൈനീസ് കൗണ്ടറുകള്‍ അടച്ചുപൂട്ടി പകരം റൈസ് വിഭവങ്ങള്‍ മാത്രമാണ് നല്‍കുന്നത്.
ഈ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഹോസ്റ്റലുകളിലും പിജികളിലും താമസിക്കുന്ന ബാച്ചിലര്‍മാരായ ജീവനക്കാരെയാണ്. നഗരത്തിന് പുറത്തു നിന്നുള്ള രണ്ടോ മൂന്നോ ലക്ഷത്തോളം ഐടി ജീവനക്കാര്‍ പൂനെയില്‍ മാത്രം ജോലി ചെയ്യുന്നുണ്ട്. ഇവര്‍ പൂര്‍ണമായും കമ്പനി കാന്റീനുകളെയും പുറത്തെ ഹോട്ടലുകളെയും ആശ്രയിക്കുന്നവരാണ്. എന്നാല്‍ പാചകവാതക വിതരണത്തിലെ ക്ഷാമം കാരണം പുറത്തെ ഹോട്ടലുകളും മെനു പരിമിതപ്പെടുത്തുകയോ അടച്ചുപൂട്ടുകയോ ചെയ്തിരിക്കുകയാണ്. ഭക്ഷണത്തിന്റെ ഉയര്‍ന്ന വിലയും ജീവനക്കാര്‍ക്കു താങ്ങാന്‍ കഴിയുന്നില്ല.ഓഫീസില്‍ നേരിട്ടെത്തി ജോലി ചെയ്യണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുന്ന കമ്പനികളില്‍ ഭക്ഷണം ലഭ്യമല്ലാത്തത് ജീവനക്കാരെ വലയ്ക്കുന്നുണ്ട്. ടിസിഎസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ അഞ്ച് ദിവസത്തെ ഓഫീസ് ജോലി നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍, ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ ഹൈബ്രിഡ് സൗകര്യം ആവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിച്ചിട്ടുണ്ട്. ഫോറം ഫോര്‍ ഐടി എംപ്ലോയീസ് മഹാരാഷ്ട്ര ഇതിനൊരു ശാശ്വത പരിഹാരമായി ‘വര്‍ക്ക് ഫ്രം ഹോംടൗണ്‍’ എന്ന നിര്‍ദേശമാണ് മുന്നോട്ടുവെക്കുന്നത്. പാചകവാതക വിതരണം സാധാരണ നിലയിലാകുന്നത് വരെ ജീവനക്കാര്‍ക്ക് സ്വന്തം നാട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. വരും ആഴ്ചകളില്‍ കമ്പനികള്‍ ഈ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്നാണ് ഐടി ലോകം ഉറ്റുനോക്കുന്നത്.