ബെംഗളൂരു: നാടെങ്ങും എല്‍പിജി ക്ഷാമം രൂക്ഷമാണ്. അതിനിടെ ബദല്‍ മാർഗങ്ങള്‍ തേടുകയാണ് പലരും. ഇപ്പോഴിതാ ബെംഗളൂരു നഗരത്തില്‍ കൂടുതല്‍ ബയോമെത്തനേഷൻ പ്ലാന്റുകള്‍ സ്ഥാപിച്ച് ബയോഗ്യാസ് ഉത്പാദനം വർധിപ്പിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പദ്ധതിയിടുകയാണ്.നനഞ്ഞ മാലിന്യം ഊർജ്ജമാക്കി മാറ്റുന്നതിലൂടെ മാലിന്യ സംസ്‌കരണത്തിന് ആധുനികമായ ഒരു സമീപനം നല്‍കാനാണ് ജിബിഎ ലക്ഷ്യമിടുന്നത്.ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വർ റാവു അറിയിച്ചതനുസരിച്ച്, അധിക പ്ലാന്റുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താൻ ഒരു വിശദമായ പഠനം നടത്തും. ഓരോ കോർപ്പറേഷൻ പ്രദേശത്തും 2-3 ഏക്കർ സ്ഥലത്ത് വികേന്ദ്രീകൃത പ്ലാന്റുകള്‍ സ്ഥാപിച്ചുകൊണ്ട് കേന്ദ്രീകൃത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ ഭാരം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.അടിയന്തിര നടപടിയായി, നിലവിലുള്ള ബയോമെത്തനേഷൻ യൂണിറ്റുകള്‍ നവീകരിക്കാനും അധികൃതർ പദ്ധതിയിടുന്നു. ഇത് സമീപത്തുള്ള ഹോട്ടലുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ബയോഗ്യാസ് പാചക ഇന്ധനമായി നല്‍കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ എല്‍പിജി ക്ഷാമത്തിനോട് ചേർന്നുനില്‍ക്കുന്ന നടപടി കൂടിയാണിത്.വീടുകളില്‍ നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യം വേർതിരിക്കുന്നത് ഈ സംരംഭത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് മഹേശ്വർ റാവു ഊന്നിപ്പറഞ്ഞു.
പൊതുജന സഹകരണമാണ് മികച്ച മാലിന്യ സംസ്‌കരണത്തിന് കരുത്തേകുകയെന്നും അത് ഉണ്ടെങ്കില്‍ കൂടുതലായി ഇത്തരം ബദല്‍ മാർഗങ്ങള്‍ വിജയം കാണുമെന്നും മുൻപ് തന്നെ ഉയർന്ന അഭിപ്രായമാണ്.നിലവില്‍, കസ-രസ പ്ലാന്റില്‍ ഏകദേശം 10 ടണ്‍ മാലിന്യം സംസ്‌കാരിച്ച് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുകയും സമീപത്തെ ഒരു ഹോട്ടലിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനാല്‍ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കാനും, ഭാവിയിലെ വൻതോതിലുള്ള ഉല്‍പ്പാദനത്തിനായി ഹൈ-ടെൻഷൻ വൈദ്യുതി ലൈൻ മാറ്റുന്നതിനെക്കുറിച്ചും പഠിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.നനഞ്ഞ മാലിന്യം ശാസ്ത്രീയമായി സംസ്‌കാരിക്കുന്നത് നഗരത്തിന്റെ ഖരമാലിന്യ പരിപാലനത്തിന്റെ നിർണായക ഭാഗമാണെന്ന് ബെംഗളൂരു സോളിഡ് വേസ്‌റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഭാരവാഹികള്‍ പറയുന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലിക സ്ഥാപിച്ച 12 ബയോമെത്തനേഷൻ പ്ലാന്റുകളില്‍ ആറെണ്ണം (പ്രതിദിനം അഞ്ച് ടണ്‍ വീതം) ഇപ്പോള്‍ പ്രവർത്തിക്കുന്നു; ബാക്കിയുള്ള ആറെണ്ണം നവീകരണ ഘട്ടത്തിലാണ്.ഒരു ടണ്‍ നനഞ്ഞ മാലിന്യത്തില്‍ നിന്ന് 30-50 കിലോഗ്രാം ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാൻ കഴിയും. ഇത് പ്ലാന്റ് പ്രവർത്തനങ്ങള്‍ക്കും വൈദ്യുതി ഉല്‍പ്പാദനത്തിനും പാചക ഇന്ധനമായും ഉപയോഗിക്കുന്നു. പ്രതിദിനം 8.5 ടണ്‍ മാലിന്യം സംസ്‌കരിക്കുന്ന കോറമംഗല പ്ലാന്റ് ഒരു ഹോട്ടലിന് 120 കിലോഗ്രാം ഗ്യാസ് വിതരണം ചെയ്‌ത് നഗരസഭയ്ക്ക് ദിവസേന 8400 രൂപയോളം വരുമാനം നേടുന്നുണ്ട്.അതേസമയം, ബെംഗളൂരു നഗരത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഒട്ടുമിക്ക ഇടങ്ങളിലും നിലവില്‍ എല്‍പിജി ക്ഷാമം രൂക്ഷമാണ്. പലയിടത്തും ഹോട്ടലുകളും പിജികളും വരെ പ്രവർത്തനം നിർത്തേണ്ട സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ബദല്‍ മാർഗങ്ങള്‍ പലരും തേടുന്നത്. അതിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളെ നേരിടാൻ കഴിയുമെന്നാണ് വിലയിരുത്തല്‍.