Home കർണാടക ബെംഗളൂരു നിവാസികള്‍ പെട്ടു; ഗതാഗത കുരുക്ക് കുറക്കാൻ കണ്‍ജെഷൻ ചാര്‍ജ് വരുന്നു?

ബെംഗളൂരു നിവാസികള്‍ പെട്ടു; ഗതാഗത കുരുക്ക് കുറക്കാൻ കണ്‍ജെഷൻ ചാര്‍ജ് വരുന്നു?

by ടാർസ്യുസ്

ഇന്ത്യൻ നഗരങ്ങളെ സംബന്ധിച്ച്‌ ഗതാഗത കുരുക്കെന്നത് ഒരു സ്ഥിരം സംഭവമാണ്. കുരുക്കഴിക്കാൻ എത്രയൊക്കെ നടപടികള്‍ സ്വീകരിച്ചാലും വലിയ മാറ്റങ്ങള്‍ ഉണ്ടാകാറില്ല.എന്തായാലും പ്രശ്നം പരിഹരിക്കാൻ ഇനി മുതല്‍ കർശന നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് നയരൂപീകർത്താക്കള്‍. തിരക്ക് നിയന്ത്രിക്കാനുള്ള ഫീസുകളും കർശനമായ പാർക്കിംഗുമാണ് സാധ്യമായ പോംവഴിയായി കാണുന്നത്.ട്രാഫിക് കുരുക്ക് ഒരു അസൗകര്യം മാത്രമല്ല, വലിയ സാമ്ബത്തിക നഷ്ടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ട്രാഫിക് ജാമുകള്‍ പ്രതിവർഷം ഏകദേശം 22 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നാണ് ഊബർ, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് എന്നിവയുടെ കണക്കുകള്‍ പറയുന്നത്. കണ്‍ജെഷൻ ചാർജുകളുടെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടുപ്പെടുന്നത്.ഈ ചാർജുകള്‍ ഗതാഗത പ്രശ്നം കുറയ്ക്കാൻ സഹായിക്കണമെങ്കില്‍ വിശ്വസനീയമായ പൊതുഗതാഗതവും ഫലപ്രദമായ നിയമനിർവ്വഹണവും അനിവാര്യമാണെന്നുമുളള മുന്നറിയിപ്പുകളും ഉണ്ട്. കേവലം വരുമാനം വർദ്ധിപ്പിക്കുന്നതിന് പകരം ട്രാഫിക് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാൻ ഈ നയത്തിന് കഴിയണം.ഈ സാഹചര്യത്തിലാണ് കർണാടകയുടെ അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷൻ ബംഗളൂരുവില്‍ കണ്‍ജഷൻ ചാർജ് ശുപാർശ ചെയ്തത്.

നഗരത്തിലെ വിട്ടുമാറാത്ത ട്രാഫിക് പ്രശ്നം പരിഹരിക്കുന്നതിനാണ് ഈ നിർദ്ദേശം. ലണ്ടനിലെ കണ്‍ജഷൻ പ്രൈസിംഗ് മാതൃകയ്ക്ക് സമാനമായ ഒരു സംവിധാനമാണ് അവർ മുന്നോട്ട് വെക്കുന്നത്. നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളായ ഔട്ടർ റിംഗ് റോഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡ് വഴികളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്.ഫാസ്റ്റാഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഈ നിരക്ക് സ്വയമേവ ശേഖരിക്കാനാണ് സാധ്യത.ഇത് അധികാരികള്‍ക്ക് വാഹനങ്ങളെ ഇലക്‌ട്രോണിക് ആയി നിരീക്ഷിക്കാൻ അവസരം നല്‍കും. കൈകൊണ്ട് ടോള്‍ പിരിക്കുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കും.ലണ്ടൻ 2003-ല്‍ കണ്‍ജഷൻ ചാർജ് സംവിധാനം നടപ്പിലാക്കിയിരുന്നു. നഗരമധ്യത്തിലെ ഒരു നിശ്ചിത മേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ഇലക്‌ട്രോണിക് ക്യാമറകളാണ് ഉപയോഗിച്ചത്. ഈ മേഖലയില്‍ വാഹനമോടിക്കുന്നവർ ദിവസേന ഫീസ് നല്‍കണം. ഇത് ട്രാഫിക് കുറയ്ക്കാനും യാത്രക്കാരെ പൊതുഗതാഗതം, സൈക്ലിംഗ്, കാല്‍നട യാത്ര എന്നിവയിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കാനും സഹായിച്ചു.ബംഗളൂരുവിലും സമാനമായ സമീപനം സ്വീകരിക്കുന്നത് സ്വകാര്യ വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുമെന്ന് കർണാടക കമ്മീഷൻ വിശ്വസിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന ഫണ്ടുകള്‍ ഗ്രേറ്റർ ബംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള അഞ്ച് നഗര കോർപ്പറേഷനുകളിലെ അർബൻ ഇൻഫ്രാസ്ട്രക്ചറില്‍ നിക്ഷേപിക്കാനും കഴിയും.എന്നാല്‍, ബംഗളൂരുവിലെ ട്രാഫിക് പ്രശ്നങ്ങള്‍ കുറച്ച്‌ തിരക്കേറിയ റോഡുകളില്‍ ഒതുങ്ങുന്നില്ലെന്ന് നഗരാസൂത്രകർ മുന്നറിയിപ്പ് നല്‍കുന്നത്. ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ ദീർഘകാലമായുള്ള പോരായ്മകള്‍, മോശം ലെയിൻ അച്ചടക്കം, വാഹന ഉടമസ്ഥതയിലുണ്ടായ അതിവേഗ വർദ്ധന എന്നിവ അവർ ചൂണ്ടിക്കാട്ടുന്നു.ആയിരക്കണക്കിന് പുതിയ വാഹനങ്ങളാണ് ഓരോ ദിവസവും നഗരത്തിലെ റോഡുകളിലേക്ക് എത്തുന്നത്. ഡ്രൈവർ ലൈസൻസിംഗിന്റെയും വാഹന പരിശോധനയുടെയും മേല്‍നോട്ടം പലപ്പോഴും അപര്യാപ്തമാണെന്നും വിമർശിക്കപ്പെടുന്നുണ്ട്. റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസുകളിലെ (ആർടിഒകള്‍) വ്യവസ്ഥാപിതമായ പ്രശ്നങ്ങളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അഴിമതി ആരോപണങ്ങളും ഡ്രൈവിംഗ് ലൈസൻസുകളും വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതിലെ ആശങ്കകളും ഇതില്‍പ്പെടുന്നു.റോഡ് പണികള്‍, നഗരപ്രാന്തങ്ങളുടെ അതിവേഗ വികസനം എന്നിവയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. റോഡുകളില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന തടസ്സങ്ങളാണ് ഇതിന് കാരണം.ബെംഗളൂരു നഗരത്തില്‍ ഏകദേശം 1.5 കോടി താമസക്കാരും 1.3 കോടിയിലധികം രജിസ്റ്റർ ചെയ്ത വാഹനങ്ങളുമുണ്ട്. എന്നാല്‍, ഇവയെ ഉള്‍ക്കൊള്ളാൻ ഏകദേശം 13,000 കിലോമീറ്റർ റോഡ് ശൃംഖല മാത്രമേയുള്ളൂ. ഈ അസന്തുലിതാവസ്ഥ കാരണം, അപകടങ്ങള്‍, നിർമ്മാണ പ്രവർത്തനങ്ങള്‍, സിഗ്നല്‍ തകരാറുകള്‍ പോലുള്ള ചെറിയ തടസ്സങ്ങള്‍ പോലും വലിയ ട്രാഫിക് ക്യൂവുകള്‍ക്ക് കാരണമാകാറുണ്ട്.കണ്‍ജഷൻ ചാർജുകള്‍ക്ക് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ഗതാഗത വിദഗ്ധർ ഊന്നിപ്പറയുന്നു. കൂടുതല്‍ വിശ്വസനീയമായ ബസ് സർവീസുകള്‍, വിപുലീകരിച്ച സബർബൻ റെയില്‍ ശൃംഖലകള്‍, അതിവേഗ മെട്രോ കണക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടെയുള്ള ശക്തമായ പൊതുഗതാഗത സംവിധാനങ്ങള്‍ നയങ്ങള്‍ക്ക് പിന്തുണ നല്‍കണം.കർശനമായ പാർക്കിംഗ് നിയമങ്ങള്‍, സ്ഥിരതയാർന്ന ട്രാഫിക് നിയമ നിർവ്വഹണം, മികച്ച റോഡ് ആസൂത്രണം എന്നിവയും അനിവാര്യമാണ്. ഈ മെച്ചപ്പെടുത്തലുകളില്ലാതെ, ബംഗളൂരുവിലെ കണ്‍ജഷൻ ചാർജ് ട്രാഫിക് പ്രശ്നങ്ങള്‍ക്ക് യഥാർത്ഥ പരിഹാരമാകുന്നതിന് പകരം വരുമാന മാർഗ്ഗം മാത്രമായി മാറുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group