ന്യൂഡല്‍ഹി: രാജ്യത്ത് ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ്. സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്.പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. ഇറാൻ-അമേരിക്ക തർക്കത്തെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ യുദ്ധസമാനമായ സാഹചര്യമാണ് പെട്ടെന്നുള്ള വില വർധനവിന് കാരണം.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടവും വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും ആഭ്യന്തര വിപണിയെയും ബാധിച്ചിരിക്കുകയാണ്. ഇന്ധന ക്ഷാമം ഒഴിവാക്കാൻ എണ്ണ ശുദ്ധീകരണ ശാലകളോട് ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇതിനോടകം നിർദ്ദേശം നല്‍കിയിട്ടുണ്ട്.സാധാരണക്കാരുടെ കുടുംബ ബജറ്റിനെ നേരിട്ട് ബാധിക്കുന്നതാണ് ഈ തീരുമാനം. സിലിണ്ടറിന് 60 രൂപ വർധിക്കുന്നതോടെ വിവിധ നഗരങ്ങളില്‍ സിലിണ്ടർ വിലയില്‍ വലിയ മാറ്റമുണ്ടാകും. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ നേരത്തെ തന്നെ വർധനവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും ഇന്ധന വിലയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.