Home കർണാടക ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി പോയത് 40 % പേര്‍ക്ക്: ഗര്‍ഭിണിക്കും ജോലി പോയി

ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി പോയത് 40 % പേര്‍ക്ക്: ഗര്‍ഭിണിക്കും ജോലി പോയി

by ടാർസ്യുസ്

ബെംഗളൂരു: ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി ജീവനക്കാരോടു ചെയ്ത ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ഒറ്റ ദിവസം കൊണ്ട് തങ്ങളുടെ 40 ശതമാനത്തോളം ജീവനക്കാരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഈ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനി പിരിച്ചുവിട്ടത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അര്‍പിത് ഗോയല്‍ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്.

ഈ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തന്റെ സുഹൃത്തിനും ഈ പിരിച്ചുവിടലില്‍ ജോലി നഷ്ടപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. തികച്ചും അപ്രതീക്ഷിതമായാണ് കമ്പനി ഈ കടുത്ത തീരുമാനം എടുത്തത്. തുടര്‍ന്ന് കേവലം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുമാനം നടപ്പാക്കിയത് ജീവനക്കാരെ വലിയ പ്രതിസന്ധിയിലാക്കിയെന്നും പോസ്റ്റില്‍ പറയുന്നു. തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടതെന്നും ആരോപണം ഉയരുന്നുണ്ട്.ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ക്കും ഇപ്പോള്‍ ഐടി മേഖലയില്‍ യാതൊരു തൊഴില്‍ സുരക്ഷയുമില്ലെന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. പ്രതിവര്‍ഷം 92 ലക്ഷം രൂപ ശമ്പള പാക്കേജ് ഉണ്ടായിരുന്ന തന്റെ സുഹൃത്തിനും ജോലി പോയതായി ഗോയല്‍ ചൂണ്ടിക്കാട്ടുന്നു.

ഈ നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചത് ഗര്‍ഭിണിയായ ജീവനക്കാരിയെയാണ്‌. ഒരാഴ്ചയ്ക്കുള്ളില്‍ കുഞ്ഞിന്റെ അച്ഛനാകാനിരുന്ന ഒരു ജീവനക്കാരനും പ്രസവാവധിക്ക് അപേക്ഷിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന ഗര്‍ഭിണിക്കും ഒറ്റയടിക്ക് ജോലി ഇല്ലാതായി. അവര്‍ക്ക് ഇനി ജോലി കണ്ടെത്തുന്നതും വെല്ലുവിളിയാണ്. പിരിച്ചുവിടല്‍ സംബന്ധിച്ച വിവരങ്ങള്‍ തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.ഈ പോസ്റ്റ് അതിവേഗം വൈറലായതോടെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ഇന്ത്യയിലെ ഐടി മേഖലയിലെ തൊഴില്‍ സ്ഥിരതയെക്കുറിച്ചും കൃത്യമായ സാമ്പത്തിക ആസൂത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചും പലരും ആശങ്കകള്‍ പങ്കുവെച്ചു. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും വലിയ തുക തിരിച്ചടവ് വരുന്ന വായ്പകളും മറ്റും എടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും, അത്യാവശ്യ ഘട്ടങ്ങളിലേക്ക് ഉപയോഗിക്കാന്‍ സമ്പാദ്യം കരുതിവെക്കണമെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

നഗരത്തിന് പുറത്താണെങ്കിലും സ്വന്തമായി ഒരു ചെറിയ വീട് സ്വന്തമായി ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നാണ് ഒരു വിഭാഗം ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ചിലവ് ചുരുക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം പുറത്താവുക ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണെന്ന യാഥാര്‍ത്ഥ്യവും ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. അതേസമയം, പിരിച്ചുവിടലിനെക്കുറിച്ചോ, ഉയരുന്ന ആരോപണങ്ങളെക്കുറിച്ചോ ബന്ധപ്പെട്ട കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group