കൊച്ചി: വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സുധ ബേബി (46)യെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു.ക്രൂരമായ മർദനമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിലെ പ്രതിയായ പൊന്നുരുന്നി സ്വദേശി ഷാജി(64)യെ അറസ്റ്റ് ചെയ്തതോടൊപ്പം വൈറ്റില ഫ്ലൈ ഓവറിന് താഴെ ഇയാളെ എത്തിച്ച് തെളിവെടുപ്പും നടത്തി. ഹൈക്കോടതി ജീവനക്കാരനായിരുന്ന ഷാജി, സുധയുടെ അമ്മ വഴിയാണ് സുധയുമായി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. വിവാഹ മോചിതയായിരുന്ന സുധയും ഷാജിയും തമ്മില്‍ വ്യക്തിപരമായ അടുപ്പം വളർന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സുധ അമ്മയോടൊപ്പം പൂത്തോട്ടിലാണ് താമസിച്ചിരുന്നത്. ഇടയ്ക്കിടെ സുധ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉയർന്നതോടെ, ബന്ധത്തെക്കുറിച്ച് ഷാജിയുടെ കുടുംബത്തെ വിവരം അറിയിക്കുമെന്നും കുടുംബ ജീവിതം തകർക്കുമെന്നും സുധ ഭീഷണിപ്പെടുത്തി. പ്രശ്നങ്ങള്‍ സംസാരിച്ച് തീർക്കാനെന്ന പേരിലാണ് ഷാജി എത്തിയത്. ഇരുവരും ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം, സംസാരിക്കാനായി റെയില്‍വെ ട്രാക്കിനടുത്തേക്ക് എത്തി. വഴക്കിനിടെ ഷാജി സുധയുടെ മുഖത്ത് നിരവധി തവണ മുഷ്ടി ചുരുട്ടി ഇടിച്ചു. മൂക്കിന്റെ പാലം തകർന്നു. കരിങ്കല്ലിലേക്ക് വീണ സുധയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബഹളം വച്ചതോടെ ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാനായി മുഖവും വായും മൂക്കും അമർത്തിപ്പിടിച്ചതായും പൊലീസ് കണ്ടെത്തി. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഷാജിയുടെ മൊഴി.മരണം സംഭവിച്ചതായി ഉറപ്പായ ശേഷം ആത്മഹത്യയായി തോന്നിപ്പിക്കാനാണ് മൃതദേഹം റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ട്രെയിൻ ഓടാത്ത, പണിതീരാത്ത ട്രാക്കിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇതാണ് പൊലീസിന് കൊലപാതകമാണെന്ന് വേഗത്തില്‍ തിരിച്ചറിയാൻ സഹായമായത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ഇന്നലെ ഉച്ചയോടെ പൊലീസ് പിടികൂടി. തെളിവെടുപ്പിനിടെ രക്തം പുരണ്ട ഷർട്ടും പൊലീസ് കണ്ടെത്തി. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ കാക്കനാട് ഓഫീസില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷാജി.