ബെംഗളൂരു: നഗരത്തിലെ താമസക്കാരെയും ദൈനംദിന യാത്രക്കാരെയും സംബന്ധിച്ചുള്ള സുപ്രധാന ആശങ്കയ്ക്ക് മറുപടി ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.നിലവിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങള്‍ മണ്‍സൂണ്‍ മഴയ്ക്ക് മുൻപ് പൂർത്തിയാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉറപ്പ് നല്‍കിയതോടെയാണ് ഇത്. കാലാവർഷത്തിന് മുന്നോടിയായി ഏപ്രില്‍ അവസാനത്തോടെ എല്ലാ ജോലികളും തീർക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നല്‍കിയിരിക്കുകയാണ്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ റോഡ് പണികള്‍ക്കായി സർക്കാർ 2671 കോടി രൂപ അനുവദിച്ചുവെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതില്‍ 80 ശതമാനം ജോലികളും ടെൻഡർ ചെയ്തിട്ടുണ്ട്. ഇതുവരെ ബ്ലാക്ക് ടോപ്പിംഗ്, വൈറ്റ് ടോപ്പിംഗ് ജോലികള്‍ക്കായി ഏകദേശം 5065 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ വർഷം 389 കിലോമീറ്റർ ബ്ലാക്ക് ടോപ്പിംഗിന് 694 കോടി രൂപയും വൈറ്റ് ടോപ്പിംഗിന് 1700 കോടി രൂപയും അനുവദിച്ചിരുന്നതായി മന്ത്രി വെളിപ്പെടുത്തി.ഒട്ടുമിക്ക പദ്ധതികളിലെയും പ്രവൃത്തികള്‍ ആരംഭിച്ചെന്നും അദ്ദേഹം പറയുന്നു. മണ്‍സൂണിന് തയ്യാറെടുക്കുന്നതിനായാണ് എല്ലാ റോഡ് പണികളും ഏപ്രില്‍ അവസാനത്തോടെ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്. പ്രതിദിന പുരോഗതി വീഡിയോകള്‍ സഹിതം അപ്ഡേറ്റ് ചെയ്യാനും, റോഡുകള്‍ പൂജകള്‍ക്കോ ഉദ്ഘാടനങ്ങള്‍ക്കോ കാത്തുനില്‍ക്കാതെ ഉടൻ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനും അദ്ദേഹം ഉത്തരവിട്ടു.കരാറുകാർക്ക് നല്‍കാനുള്ള കുടിശ്ശികയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ബെംഗളൂരു നഗര കോർപ്പറേഷനുമായി പ്രവർത്തിക്കുന്ന ഒരു കരാറുകാർക്കും നിലവില്‍ കുടിശ്ശികയില്ലെന്ന് ഉപമുഖ്യമന്ത്രി ഉറപ്പുനല്‍കി. ‘ഏകദേശം 10 ശതമാനം ബില്ലുകള്‍ മാത്രമേ സാങ്കേതിക കാരണങ്ങളാല്‍ കെട്ടിക്കിടക്കുന്നുള്ളൂ; മറ്റെല്ലാ കുടിശ്ശികകളും തീർപ്പാക്കിയിട്ടുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.അതേസമയം, നഗരത്തിലെ റോഡുകളുടെ നവീകരണത്തിനായി 4800 കോടി രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും, അടുത്ത മഴക്കാലത്തിന് മുൻപ് ഇവയിലേറെയും പൂർത്തിയാക്കി യാത്ര സുഗമമാക്കാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷ പ്രകടപ്പിച്ചിരുന്നു. നഗരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥാണ് നഗരവാസികളുടെ മനസ് നിറയ്ക്കുന്ന വാഗ്ദാനവുമായി രംഗത്ത് വന്നത്.പ്രധാന നഗരപദ്ധതികളില്‍ 157.39 കിലോമീറ്റർ റോഡുകള്‍ വൈറ്റ്ടോപ്പിംഗ്, 392.39 കിലോമീറ്റർ റോഡുകള്‍ ബ്ലാക്ക്ടോപ്പിംഗ്, 78.98 കിലോമീറ്റർ ഉയർന്ന ഗതാഗതസാന്ദ്രതയുള്ള ഇടനാഴികളുടെ നിർമ്മാണം എന്നിവ ഉള്‍പ്പെടുന്നു എന്നായിരുന്നു അന്ന് അധികൃതർ അറിയിച്ചത്. ഏകദേശം 400 കിലോമീറ്റർ റോഡുകള്‍ ഇപ്പോഴും ഡിഫക്റ്റ് ലയബിലിറ്റി പീരിയഡിന് കീഴിലാണെന്നും അവയിലെ കുഴികള്‍ നന്നാക്കേണ്ട ഉത്തരവാദിത്തം കരാറുകാർക്കാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അതിനിടെ 2025നും 2028നും ഇടയില്‍ 488 കിലോമീറ്റർ പ്രധാന റോഡുകള്‍ ഉള്‍ക്കൊള്ളുന്നതിനായി രണ്ട് വർഷത്തെ കാലയളവില്‍ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നഗരത്തിലുടനീളം വൈറ്റ് ടോപ്പിംഗ് വ്യാപിപ്പിക്കാൻ പദ്ധതിയിടുകയാണ് നിലവില്‍. അടുത്ത ഘട്ട ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പ്, സർക്കാരിന് അംഗീകാരത്തിനായി നിർദ്ദേശം സമർപ്പിക്കാൻ നഗരസഭ തയ്യാറെടുക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.