ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതസംവിധാനത്തിൻ്റെ കരുത്തായ നമ്മ മെട്രൊ റെഡ് ലൈൻ ഇടനാഴിക്ക് തിരിച്ചടി.നിർദിഷ്ട റെഡ് ലൈൻ ഇടനാഴിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടാൻ മടിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ബെംഗളൂരു മെട്രോ നിരക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് റെഡ് ലൈൻ ഇടനാഴിക്ക് കേന്ദ്രത്തില്‍ നിന്ന് തിരിച്ചടിയുണ്ടായത്. നിർദിഷ്ട പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) പുനഃപരിശോധനയ്ക്കായി കേന്ദ്ര സർക്കാർ തിരിച്ചയച്ചു. റെഡ് ലൈൻ ഇടനാഴിയുടെ ഡിപിആർ ഇത് രണ്ടാം തവണയാണ് മടക്കി അയക്കുന്നത്.ബെംഗളൂരു നഗരത്തിലെ പ്രധാന റെസിഡൻഷ്യല്‍, കൊമേഴ്‌സ്യല്‍ മേഖലകളിലെ ഗതാഗത പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റെഡ് ലൈൻ ഇടനാഴിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോയത്. സർജാപൂർ മുതല്‍ ഹെബ്ബാള്‍ വരെയുള്ള ബെംഗളൂരു നമ്മ മെട്രോ റെഡ് ലൈൻ നഗരത്തിന്റെ വടക്കൻ, തെക്കുകിഴക്കൻ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത 37 കിലോമീറ്റർ ഇടനാഴിയാണ്. ഈ പദ്ധതിക്കാണ് കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ലഭിക്കാത്ത അവസ്ഥയുള്ളത്.നിർദിഷ്ട പദ്ധതിയുടെ രൂപകല്‍പ്പനയുടെയും സാമ്പത്തിക പ്രശ്‌നങ്ങളുടെയും പേരിലാണ് അവലോകനത്തിനായി കേന്ദ്രം തിരിച്ചയച്ചത്. ഡബിള്‍ ഡെക്കർ ഫ്ലൈഓവർ മോഡലിനെക്കുറിച്ചുള്ള എതിർപ്പുകള്‍ ഉള്‍പ്പെടെയുള്ള ഈ നീക്കം. നിർദിഷ്ട മെട്രോ റെഡ് ലൈനിന്റെ തുടർ പ്രവർത്തനം കേന്ദ്രം തടഞ്ഞു. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) പുനഃപരിശോധനയ്ക്കായി തിരികെ നല്‍കുകയും റൂട്ടില്‍ ഡബിള്‍ ഡെക്കർ ഫ്ലൈഓവറുകള്‍ നിർമിക്കാനുള്ള പദ്ധതികള്‍ നിരസിക്കുകയും ചെയ്തു. പദ്ധതിയുടെ രൂപകല്‍പ്പനയെയും സാമ്പത്തിക സുസ്ഥിരതയെയും കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്.28 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന 37 കിലോമീറ്ററിലാണ് സർജാപൂർ മുതല്‍ ഹെബ്ബാള്‍ വരെയുള്ള നിർദിഷ്ട റെഡ് ലൈൻ ഇടനാഴി. 28,405 കോടി രൂപയാണ് ചെലവായി കണക്കാക്കിയിരിക്കുന്നത്. ബെംഗളൂരു നഗരത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന മെട്രോ ശൃംഖലയുടെ ഒരു പ്രധാന കൂട്ടിച്ചേർക്കലായിട്ടാണ് റെഡ് ലൈൻ ഇടനാഴിയെ വിലയിരുത്തിയിരുന്നത്.കേന്ദ്രം ഉന്നയിച്ച പ്രധാന എതിർപ്പുകളില്‍ ഒന്ന് ഇടനാഴിക്ക് കുറുകെ ഡബിള്‍ ഡെക്കർ ഫ്ലൈ ഓവറുകള്‍ നിർമിക്കാനുള്ള നിർദേശവുമായി ബന്ധപ്പെട്ടതാണ്. റോഡിലെ തിരക്ക് കുറയ്ക്കാൻ ഈ ഡിസൈൻ സഹായിക്കുമെങ്കിലും മെട്രോ ഉപയോഗം കുറയ്ക്കാനും ഇത് കാരണമാകും. ഇത്തരം ഡബിള്‍ ലെവല്‍ ഘടനകള്‍ യാത്രക്കാരുടെ എണ്ണത്തെ ബാധിക്കുമെന്നും പദ്ധതിയുടെ സാമ്പത്തിക ലാഭക്ഷമതയെ ദുർബലപ്പെടുത്തുമെന്നുമാണ് വാദം. ഡബിള്‍ ഡെക്കർ ഘടന നിർദിഷ്ട പദ്ധതിയുടെ മുഴുവൻ സ്ട്രെച്ചിലും ഉപയോഗിക്കുന്നതിന് പകരം തെരഞ്ഞെടുത്ത ജങ്ഷനുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചു.
37 കി.മീറ്ററില്‍ 28 സ്റ്റേഷനുകള്‍, ചെലവ് 28,405 കോടി; ബെംഗളൂരു നമ്മ മെട്രോ റെഡ് ലൈന് വീണ്ടും തിരിച്ചടി, കാരണങ്ങള്‍ ഇങ്ങനെ
previous post