മൈസൂരു : കുടക് ജില്ലയിലെമടിക്കേരിയിലെ ബേസഗുരു ഗ്രാമത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി കടുവ ആക്രമണം. ഒരു മാസത്തിനിടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് കന്നുകാലികൾ. ഇതോടെ പ്രദേശവാസികൾ വനംവകുപ്പിനെതിരേ പ്രതിഷേധം ശക്തമാക്കി.ഞായറാഴ്ച രാത്രി മാത്രം മൂന്നു പശുക്കൾ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കർഷകരിൽ കടുത്ത രോഷത്തിനും വൻ പ്രതിഷേധത്തിനും കാരണമായി. കർഷ കരായ ബി. പ്രകാശിന്റെ രണ്ട് പശുക്കളും രാജപ്പയുടെ ഗർഭിണിയായ പശുവുമാണ് കൊല്ലപ്പെട്ടത്. ഇരുസംഭവങ്ങളും ഗ്രാമത്തിലെ 150 മീറ്റർ ചുറ്റളവിലാണ് നടന്നത്. രണ്ട് പശുക്കളുടെയും ജഡങ്ങളും ഗർഭിണിയായ പശുവിൻ്റെ പകുതിതിന്ന ശരീര ഭാഗവും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.കടുവകളിൽനിന്ന് മൃഗങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കടുവ ഭീതിയിൽ ഗ്രാമത്തിലുള്ള വർ സന്ധ്യ കഴിഞ്ഞാൽ വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകീട്ട് കർഷകർ ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസ് ഉപരോധിച്ച് പ്രതിഷേധ പ്രകടനം നടത്തി. മൂന്ന് മണിക്കൂറോളം പ്രതിഷേധിച്ച ഗ്രാമവാസികളും കർഷക സംഘടനാ ഭാരവാഹികളും അസി. കൺസർവേറ്റർ ഓഫ്ഫോറസ്റ്റ് ഗോപാൽ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗംഗാധർ എന്നിവരോട് വാക്കേറ്റത്തിലേർപ്പെട്ടു.തുടർന്ന് വനപാലകർ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോണാൽ വൃഷ്ണി ചൊവ്വാഴ്ച രാവിലെ ഗ്രാമം സന്ദർശിച്ച് കർഷകരും കർഷക സംഘടനാ നേതാക്കളുമായി ചർച്ച നടത്തി. കടുവയെ പിടികൂടുന്നതിൽ വനംവകുപ്പ് പരാജയ പ്പെട്ടുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തുടർന്ന് കടുവ യെ പിടികൂടുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നാഗർഹോളെ വന്യജീവി സങ്കേതത്തിൽനിന്നുള്ള കടുവയാണ് ഗ്രാമത്തിലി റങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം കർഷകസംഘടന നേതാ ക്കളെ അറിയിച്ചു. കടുവയെ പിടികൂടാൻ കൂടുതൽ കൂടുകളും ക്യാമറ ട്രാപ്പുകളും ഗ്രാമത്തിൽ സ്ഥാപിച്ചു.80-ലധികം വനപാലകരും ദ്രതകർമസേനയും ഗ്രാമത്തിലെത്തി കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. രണ്ട് ഡ്രോ ണുകൾ ഉപയോഗിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമവും പിടി കൂടാൻ രണ്ട് മെരുക്കിയ ആനകളെയും എത്തിച്ചു. ദൗത്യത്തിന് വിരാജ്പേട്ട ഡിസിഎഫ് ജഗനാഥാണ് നേതൃത്വം നൽകുന്നത്.