ചെന്നൈ: തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകളെ താറുമാറാക്കി.റണ്‍വേയിലെ കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്ന് ഇന്ന് രാവിലെ ദുബൈയില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനം ഉള്‍പ്പെടെയുള്ള പ്രധാന സർവീസുകള്‍ വഴിതിരിച്ചുവിടേണ്ടി വന്നു.ദുബൈയില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനം EK544 ചെന്നൈയില്‍ ഇറങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ്റാഡാർ റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ അനുകൂലമായതോടെ പിന്നീട് ഈ വിമാനം ബെംഗളൂരുവില്‍ നിന്ന് ചെന്നൈയില്‍ എത്തിയെങ്കിലും യാത്രക്കാർക്ക് വലിയ കാലതാമസം നേരിടേണ്ടിവന്നു.ഞായറാഴ്ച പുലർച്ചെ മുതല്‍ വിമാനത്താവള പരിസരത്ത് അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിന്നിരുന്നത്. പുലർച്ചെ 5.30-ന് 1500 മീറ്റർ ഉണ്ടായിരുന്ന ദൃശ്യപരത രാവിലെ 7.30 ആയപ്പോഴേക്കും വെറും 150 മീറ്റർ മാത്രമായി ചുരുങ്ങിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇതോടെ ക്വാലാലംപൂരില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളും മുംബൈ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള ആഭ്യന്തര സർവീസുകളും കോയമ്പത്തൂർ, ട്രിച്ചി, ബെംഗളൂരു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് മാറ്റുകയായിരുന്നു.പത്തോളം വിമാനങ്ങളുടെ വരവും പോക്കും വൈകിയെങ്കിലും രാവിലെ 11.30-ഓടെ കാലാവസ്ഥ സാധാരണ നിലയിലാവുകയും പ്രവർത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. വായുവില്‍ ഈർപ്പത്തിന്റെ അളവ് കൂടിയതും താപനില കുറഞ്ഞതുമാണ് അപ്രതീക്ഷിതമായി കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകാൻ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.