ചെന്നൈ: ആന്ററി-നാർക്കോട്ടിക്ക് ഇന്റലിജൻസ് യൂണിറ്റ് ചെന്നൈയിൽ നടത്തിയ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടിയും സഹസംവിധായികയും ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. നടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരടക്കമുള്ളവരാണ് പിടിയിലായത്. ചെന്നൈ വളസരവാക്കത്ത് കഴിഞ്ഞ ദിവസമാണ് ആന്റി-നാർക്കോട്ടിക്സ് സൗത്ത് സംഘം പരിശോധന നടത്തിയത്. പ്രതികളിൽ നിന്ന് മെത്താംഫെറ്റാമൈനും കഞ്ചാവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണ സംഘം സംഭവസ്ഥലത്തേക്ക് എത്തിയത്. നെസപാക്കം സ്വദേശിയായ 33 വയസുള്ള വിഗ്നേശ്വരൻ എന്നയാളെ പിടികൂടിയതോടെയാണ് വലിയ ലഹരി സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.ഇയാളെ ചോദ്യം ചെയ്തപ്പോൾ, പോരൂരിനടുത്തുള്ള കോവൂരിൽ താമസിക്കുന്ന വെങ്കിടേഷ് കുമാർ എന്നയാളിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് വിവരം ലഭിച്ചു. തുടർന്ന് വെങ്കിടേഷ് കുമാറിനെ നിരീക്ഷിക്കുകയും വത്സരവാക്കത്ത് വച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കൊപ്പമാണ് അഞ്ജു കൃഷ്ണയും വിൻസി നിവേദയും മറ്റുള്ളവരും ഉണ്ടായിരുന്നതെന്നാണ് വിവരം. ആറ് ഗ്രാം മെത്താംഫെറ്റാമൈൻ, ഏഴ് ഗ്രാം ഒജി കഞ്ചാവ്, പതിനഞ്ച് ഗ്രാം കഞ്ചാവ്, ഒരു സ്മോക്കിംഗ് ബോങ്, ഒരു സ്റ്റാമ്പ്, ഒമ്പത് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച നടിയാണ് അഞ്ജു കൃഷ്ണ. തമിഴ് ചിത്രമായ ‘വെള്ളിമലൈ’യിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ജോജു ജോർജ് നായകനായ ‘ആരോ’ എന്ന ചിത്രത്തിലും ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.