മംഗളൂരു: കർണാടക ആർടിസി ബസ്സുകളില്‍ യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. ഇന്ന് (ജനുവരി 5) മുതല്‍ മംഗളൂരു ഡിവിഷനിലെ പ്രീമിയം ബസ് സർവീസുകളുടെ ടിക്കറ്റ് നിരക്ക് 10% മുതല്‍ 15% വരെ കുറച്ചു.യാത്രക്കാരുടെ പോക്കറ്റിലൊതുങ്ങുന്ന സർവീസ് നല്‍കാനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നടപടി.കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആണ് ഈ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിച്ചത്. കുന്ദപുര, ഉടുപ്പി, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിവിധ പ്രീമിയം ബസ് സർവീസുകള്‍ക്കാണ് ഇത് ബാധകമാകുന്നത്. ജനുവരി 5 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.ആഡംബര ബസ്സുകളിലേക്ക് കൂടുതല്‍ പേരെ ആകർഷിക്കുകയാണ് ഈ നിരക്ക് കുറയ്ക്കലിന്റെ ലക്ഷ്യം. ഇതുവഴി പ്രീമിയം ബസ് യാത്രകള്‍ യാത്രക്കാർക്ക് കൂടുതല്‍ ലാഭകരമാകും. ഉദാഹരണത്തിന്, ‘അംബാരി ഉത്സവ് എസി സ്ലീപ്പർ’ ബസ്സില്‍ മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 1,350 രൂപയാണ്.
കുന്ദപുരയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള നിരക്ക് 1,510 ആയി. ‘ഡ്രീം ക്ലാസ്’ സർവീസുകള്‍ക്ക് മംഗളൂരുവില്‍ നിന്ന് 1,200 രൂപയാണിപ്പോള്‍. ‘മള്‍ട്ടി-ആക്സില്‍’ ബസ്സുകള്‍ക്ക് 1,000 രൂപ വരും. സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ‘രാജഹംസ എക്സിക്യൂട്ടീവ് കോച്ച്’ ബസ്സുകളുടെ നിരക്ക് മംഗളൂരു-ബെംഗളൂരു റൂട്ടില്‍ 650 ആയും കുന്ദപുരയില്‍ നിന്ന് 750 രൂപയായും കുറച്ചിട്ടുണ്ട്.നിരക്ക് കുറച്ചതു മൂലം കൂടുതല്‍ ആളുകള്‍ പൊതുഗതാഗതം ഉപയോഗിക്കുമെന്ന് കെഎസ്ആർടിസി മംഗളൂരു സീനിയർ ഡിവിഷണല്‍ കണ്ട്രോളർ പറഞ്ഞു. തിരക്കേറിയ ഈ റൂട്ടുകളില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാകും. പുതിയതായി അവതരിപ്പിച്ച ‘പല്ലക്കി നോണ്‍-എസി സ്ലീപ്പർ’, സ്റ്റാൻഡേർഡ് നോണ്‍-എസി സ്ലീപ്പർ ബസ്സുകള്‍ക്കും ഈ ഇളവ് ബാധകമാണ്. കർണാടക ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.