ബെംഗളൂരു: ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന ദീപാവലി ആഘോഷത്തിനിടെ ബെംഗളൂരു നഗരത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 20 പേരുടെ കണ്ണിന് പരിക്കേറ്റു.സർക്കാർ നടത്തുന്ന നേത്ര ആശുപത്രിയായ മിന്റോ ഒഫ്താല്‍മിക് ആശുപത്രിയില്‍ രണ്ട് ദിവസങ്ങളിലായി നാല് കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച, 12 ഉം 14 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് റോക്കറ്റ്, പിസ്റ്റള്‍ പടക്കങ്ങള്‍ മൂലം കണ്ണിന് ചെറിയ പരിക്കുകള്‍ സംഭവിച്ചു. തിങ്കളാഴ്ച പകല്‍ അഞ്ചും രാത്രി 15ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.11 വയസ്സുള്ള ഒരു ആണ്‍കുട്ടി ബിജ്ലി പടക്കം പൊട്ടി സ്വയം വരുത്തിവെച്ച ഗുരുതരമായ പരിക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടക്കം പൊട്ടി പരിക്കേറ്റാല്‍ തണുത്തതും ശുദ്ധവുമായ വെള്ളത്തില്‍ കണ്ണുകള്‍ കഴുകണം. കൈകൊണ്ട് കണ്ണുകള്‍ തിരുമ്മരുത്, ഉടൻ നേത്രരോഗ വിദഗ്ധനെ കാണിക്കണമെന്നും നാരായണ നേത്രാലയ ഡയറക്ടർ ഡോ. നരേന്ദ്ര ഷെട്ടി അറിയിച്ചു. കൂടാതെ പടക്കം പൊട്ടിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും, കണ്ണടകള്‍ ധരിക്കണമെന്നും, സുരക്ഷിതമായ അകലം പാലിക്കണമെന്നും, കണ്ണിന് പരിക്കേറ്റാല്‍ ഉടൻ വൈദ്യസഹായം തേടണമെന്നും അറിയിപ്പ് ഉണ്ട്.അതേസമയം ഹൈദരാബാദില്‍ ദീപാവലി ആഘോഷത്തിനിടെയുള്ള പടക്കം പൊട്ടിക്കലില്‍ തിങ്കളാഴ്ച രാത്രി ഹൈദരാബാദില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേർക്ക് കണ്ണിന് പരിക്കേറ്റു. 20 കുട്ടികളടക്കം ആകെ 47 പേരെ മെഹ്ദിപട്ടണത്തെ സരോജിനി ദേവി കണ്ണാശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുവന്നു. പരിക്കേറ്റ എല്ലാവർക്കും ഉടനടി വൈദ്യസഹായം നല്‍കിയതായും അവരുടെ നില തൃപ്തികരമാണെന്നും ആശുപത്രി റെസിഡന്റ് മെഡിക്കല്‍ ഓഫീസർ ഡോ. ഇബ്രാഹിം പറഞ്ഞു.