ബെംഗളൂരു: കർണാടകയിലെ ബാഗല്‍കോട്ടില്‍ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കില്‍ നിന്നാണ് തീ പടർന്നതെന്നാണ് വിവരം.ബാഗല്‍കോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സില്‍ വീടിൻ്റെ രണ്ടാം നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. ഒരു വയസുള്ള കുട്ടിയടക്കം ഏഴ് പേർക്ക് അപകടത്തില്‍ പരിക്കേറ്റുവെന്നും ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണെന്നും കർണാടക പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് തീയണച്ചത്. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.വീടിന് മുന്നില്‍ കത്തിച്ചുവെച്ച വിളക്കില്‍ നിന്നാണ് തീയാളിയതെന്നാണ് വിവരം. അപകടത്തില്‍ വീട് പൂർണമായും അഗ്നിക്കിരയായെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പറയുന്നു. പരിക്കേറ്റവരെല്ലാം ബഗല്‍കോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ഉമേഷ് ഷെട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇതിൻ്റെ ഒന്നാം നിലയില്‍ രാജേന്ദ്ര ഷെട്ടിയെന്ന വ്യക്തിയും കുടുംബവും മറ്റൊരു കുടുംബവും താമസിച്ചിരുന്നു. രാജേന്ദ്ര ഷെട്ടി കുഴല്‍ക്കിണർ പണിക്കാരനാണ്. ഇദ്ദേഹം ജോലിക്ക് ഉപയോഗിക്കുന്ന എണ്ണയും ഗ്രീസും വീടിന് മുന്നില്‍ വീണ് കിടപ്പുണ്ടായിരുന്നു. വീടിന് മുന്നിലെ വിളക്കില്‍ നിന്ന് ഇതിലേക്ക് തീജ്വാല പടർന്നതാണ് അപകടകാരണമെന്നാണ് വിവരം.അപകടത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ വീടിന് പുറത്തേക്ക് ഓടി. എന്നാല്‍ ഇവരുടെ മുകള്‍ നിലയില്‍ താമസിച്ചിരുന്ന കുടുംബത്തിന് പുറത്തേക്ക് ഓടാൻ സാധിച്ചിരുന്നില്ല. വീടിനുള്ളിലേക്ക് തീ പടർന്നുകയറിയതോടെ ഇവർക്ക് പൊള്ലലേറ്റു. വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തി നശിച്ചുവെന്നാണ് വിവരം.