ഡോ. കൃതിക എം റെഡ്ഡിയുടെ ഓർമ്മയ്ക്കായി-ബെംഗളൂരു മുന്നേക്കൊലാലിലുള്ള അയ്യപ്പ ലേഔട്ടിലുള്ള ആ വീടിന്റെ മുമ്ബിലുള്ള ബോർഡില്‍ ഒരുകുടംബത്തിന്റെ ആകെ സങ്കടവും നിരാശയും വേദനയും പ്രതിഫലിക്കുന്നുണ്ട്.വിവാഹം കഴിഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ ഭർത്താവിന്റെ കരങ്ങളാല്‍ കൊല ചെയ്യപ്പെട്ട യുവ ഡോക്ടറായ കൃതികയ്ക്ക് വേണ്ടി അച്ഛൻ കെ. മുനി റെഡ്ഡി നിർമിച്ചതാണ് ഏകദേശം മൂന്ന് കോടി വിലവരുന്ന 1,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആ വീട്. മകളുടെ ഓർമ നിലനിർത്താനായി സന്നദ്ധ സംഘടനയായ ഇസ്കോണിന് ദാനം ചെയ്തിരിക്കുകയാണ് ഈ അച്ഛൻ.
എന്റെ മകള്‍ ഭർത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ വേണ്ടിയാണ് ഞാൻ ഈ വീട് നിർമിച്ചത്. ഒരായൂസ് കൊണ്ട് സമ്ബാദിച്ച പണം കൊണ്ടാണ് എന്റെ രണ്ട് പെണ്മക്കള്ക്കും വീടുകള്‍ നിർമിച്ചുനല്‍കിയത്. എന്നാല്‍ കൃതികയില്ലാതെ അവള്‍ക്കായി നിർമിച്ച വീട്ടില്‍ കയറാൻ പോലും എനിക്ക് ഭയമാണ്.” – ഇലക്ട്രിക്കല്‍ എൻജിയനറായി സർക്കാർ സർവ്വീസില്‍ നിന്ന് വിരമിച്ച മുനി റെഡ്ഡി പറയുന്നു.കഴിഞ്ഞ ഏപ്രിലിലാണ് കൃതിക മരണപ്പെട്ടത്. ആദ്യം സ്വഭാവിക മരണമെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാല്‍ യുവ ഡോക്ടറുടെ മരണത്തില്‍ ചില അസ്വഭാവിക കാര്യങ്ങള്‍ പോലീസ് കണ്ടെത്തിയതോടെയാണ് ആസൂത്രിതമായ കൊലപാതകമാണ് കൃതികയുടേതെന്ന് പോലീസ് കണ്ടെത്തിയത്. കൊലപാതകത്തിന്റെ സൂത്രധാരൻ ഭർത്താവും സർജനുമായ ഡോ.മഹേന്ദ്ര റെഡ്ഡിയാണ്
ഡെർമറ്റോളജിസ്റ്റായ കൃതികയുടെ മരണം തികച്ചും അസ്വഭാവിക മരണമെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഭർത്താവും സഹ ഡോക്ടറും കൂടിയായ മഹേന്ദ്ര റെഡ്ഡി. ഈ കേസില്‍ 6 മാസത്തിന് ശേഷമാണ് നിർണായക കണ്ടെത്തലിലൂടെ പൊലീസ് മഹേന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. മറാത്തഹള്ളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കൃതികയെ അനസ്തെറ്റിക് അമിതമായി കുത്തിവച്ച് മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. അനസ്തെറ്റിക് മരുന്നുകള്‍ അമിതമായി ഉള്ളില്‍ ചെന്നതിനെ തുടർന്ന് കൃതികക്ക് ആരോഗ്യ പ്രശ്നങ്ങളും ശ്വസന തടസവും ഉണ്ടായി. ഇതാണ് മരണകാരണമായി തെളിഞ്ഞത്.
മരണം സ്വാഭാവികമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചു. ഭാര്യ കൃതികക്ക് അസുഖം ബാധിച്ചതായും ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോർട്ടുണ്ട്. ഡോക്ടർമാർ കൃതികയെ പരിശോധിച്ച ശേഷം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.എന്നാല്‍, പിന്നീട് ഡോക്ടറും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണം ഉയർന്നു. ഇതിനിടെ മകളുടെ മരണത്തില്‍ ദൂരുഹതയുണ്ടെന്ന് കാട്ടി മുനി റെഡ്ഡി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തില്‍ മരിച്ചയാളുടെ അവയവങ്ങളില്‍ സെഡേറ്റീവ് (പ്രൊപ്പോഫോള്‍) പദാർഥങ്ങള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് മഹേന്ദ്ര റെഡ്ഡിയെ പോലീസ പിടികൂടിയത്.2024 മേയ് മാസത്തിലായിരുന്നു കൃതികയുടെയും മഹേന്ദ്ര റെഡ്ഡിയുടെയും വിവാഹം. വിവാഹത്തിന് ശേഷം കൃതിയുടെ അച്ഛൻ നിർമിച്ചുനല്‍കിയ വീട്ടിലായിരുന്നു ഇരുവരുടെയും താമസം. കൃതിക തന്റെ ഭർത്താവിനെ പൂർണമായും വിശ്വസിച്ചു, എന്നാല്‍ ജീവൻ രക്ഷിക്കേണ്ടിയിരുന്ന അതേ വൈദ്യശാസ്ത്ര പരിജ്ഞാനം അവളുടെ ജീവൻ നശിപ്പിക്കാൻ ഉപയോഗിച്ചു. സ്നേഹം നടിച്ച് മകളെ ഇല്ലാതാക്കിയെന്നും കൃതികയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ അറസ്റ്റിലായ മഹേന്ദ്ര റെഡ്ഡിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ കുറ്റം സമ്മതിച്ചെന്നും കർണാടക പോലീസ് പറഞ്ഞു