വെറുപ്പിനും മതവൈരത്തിനും സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് വീണ്ടുമൊരു ദസറക്കാലം. എത്ര കണ്ടാലും മതിവരാത്ത വർണക്കാഴ്ചകളിലേക്ക് മിഴി തുറന്നിരിക്കുകയാണ് മൈസൂരു നഗരം.വിദ്വേഷ പ്രസംഗങ്ങള്‍ക്കും സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിനും ഒടുവില്‍ ബുക്കർ പുരസ്കാര ജേതാവും കന്നട എഴുത്തുകാരിയുമായി ബാനു മുഷ്താഖ് തന്നെ ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തന്നെ ക്ഷണിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തില്‍ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തിക്കൊണ്ട്. സംസ്കാരമാണ് നമ്മുടെ ഊർജം, ഐക്യമാണ് നമ്മുടെ ശക്തി. ആകാശവും ഭൂമിയും ആരെയും വേർതിരിക്കുന്നില്ല, എന്ന് പ്രഖ്യാപിച്ചു
ഉദ്ഘാടനത്തിന് പിന്നാലെ, നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് മൈസൂരു. വാദ്യഘോഷങ്ങള്‍, കണ്ണിമ വെട്ടാതെ നോക്കിനിന്നുപോകുന്ന അലങ്കാരക്കാഴ്ചകള്‍, കലയുടെയും സംസ്കാരത്തിന്റെയും സമ്മേളനം, പുഷ്പമേള, ഭക്ഷ്യമേള, ഗുസ്തി…കാഴ്ചകളെല്ലാം തയ്യാറാണ്.
ആഘോഷ കാഴ്ചകള്‍ക്കൊപ്പം ആചാരപ്പെരുമ കൂടി സന്ധിക്കുന്ന ആഘോഷമാണ് ദസറ, അംബവിലാസ് കൊട്ടാരത്തിലെ പ്രത്യേക പൂജകളും, വൊഡയാർ രാജവംശത്തിലെ അവകാശിയും മൈസൂരു എംപിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറിന്റെ ആചാര ദർബറും, വിജയദശമി ദിനത്തിലെ സ്വർണ സിംഹാസനം വഹിച്ചുള്ള ജംപോ സവാരിയും ചിലത് മാത്രംഅടുത്ത 10 നാളുകള്‍ ഉറങ്ങില്ല ഈ നഗരം. ജാതി, മത,ഭാഷാ, ദേശ ഭേദമില്ലാതെ ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍ക്ക് മൈസൂരുകാർ ആഥിത്യമരുളും.മനസില്ലാമനസ്സോടെ തിരികെ അയക്കും. കണ്ടതിലധികം കാണാൻ ബാക്കിവച്ചു കൊണ്ട്… വീണ്ടും വരണമെന്ന അഭ്യർത്ഥനയോടെ