കർണാടകയിലെ തുമകുരുവില്‍ ജ്വല്ലറിയില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്.അന്വേഷണത്തിനൊടുവില്‍ പോലീസിനെയും ജ്വല്ലറി ഉടമയെയും ഞെട്ടിച്ചുകൊണ്ട് കള്ളൻ ഒരു എലിയാണെന്ന് തെളിഞ്ഞു. തുമകുരു നഗരത്തിലെ കാല്‍ടെക്സ് സർക്കിളിന് സമീപമുള്ള ‘വിശ്വാസ് ജ്വല്ലറിയിലാണ്’ ഈ വിചിത്ര സംഭവം നടന്നത്.എല്ലാ ദിവസത്തേയും പോലെ കണക്കുനോക്കി കടപൂട്ടി പോയ ജ്വല്ലറിയിലെ ജീവനക്കാർ പിറ്റേന്ന് കട തുറന്ന് പരിശോധിച്ചപ്പോഴാണ് 50 ഗ്രാമിലധികം വരുന്ന വജ്ര, സ്വർണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നതായി മനസിലാക്കിയത്.
കടയില്‍ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നത് വിഷയം കൂടുതല്‍ സങ്കീർണ്ണമാക്കി.കടയുടെ ഷട്ടറുകള്‍ തകർക്കപ്പെട്ടിരുന്നില്ല, ആരെങ്കിലും അകത്തു കയറിയതായി ഒരു സൂചനയുമില്ലായിരുന്നു. എന്നിട്ടും സ്വർണ്ണമാലകളും വജ്രമോതിരങ്ങളും ‘അപ്രത്യക്ഷ’മായിരുന്നു. പിന്നാലെ പോലീസില്‍ പരാതി നല്കാൻ തന്നെ കടക്കാർ തീരുമാനിച്ചു. എന്നാല്‍ അതിനുമുൻപായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ കടയിലെ ജീവനക്കാർ തീരുമാനിച്ചു.സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് എല്ലാവരും അക്ഷരാർത്ഥത്തില്‍ ഞെട്ടി. കാരണം, ആഭരണങ്ങള്‍ ഓരോന്നായി ‘ഒരു എലി’ കടത്തിക്കൊണ്ടുപോകുന്നതാണ് അവർക്ക് ദൃശ്യങ്ങളില്‍ കാണാൻ കഴിഞ്ഞത്.
എലി ആഭരണങ്ങള്‍ തറയിലൂടെ വലിച്ച് അതിന്റെ മാളത്തിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.പിന്നാലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്, എലിയുടെ നീക്കങ്ങള്‍ പിന്തുടർന്ന ജീവനക്കാർ മാളം കണ്ടെത്തുകയും അത് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. അവരുടെ പരിശ്രമം ഫലം കണ്ടു. 10 മോതിരങ്ങളും മൂന്ന് മാലകളും ഉള്‍പ്പെടെ കാണാതായ എല്ലാ ആഭരണങ്ങളും മാളത്തിനുള്ളില്‍ നിന്ന് കണ്ടെടുത്തു.ഇതോടെ കടയുടമയ്ക്കും ജീവനക്കാർക്കും ആശ്വാസമായി. ‘ആഭരണ മോഷ്ടാവായ’ എലിയുടെ ഈ വിചിത്രമായ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ദൃശ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ കൗതുകത്തിന് വഴിവെച്ചിട്ടുണ്ട്. ഇത് അവിശ്വസനീയമാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.