ബെംഗളൂരു:അനധികൃത ഇരുമ്പയിര് ഖനനത്തിൽ കർണാടക സർക്കാരിന് ഇതുവരെ 80,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്. ഈ തുക തിരിച്ചുപിടിക്കാൻ സർക്കാർ നടപടി തുടങ്ങി. റിക്കവറി കമ്മിഷണറെ നിയമിക്കാനാണ് നീക്കം. ഇതിനുള്ള ബിൽ നിയമനിർമാണ സഭയിൽ അവതരിപ്പിച്ചുകൊണ്ട് നിയമ പാർലമെന്ററി കാര്യമന്ത്രി എച്ച്.കെ. പാട്ടീലാണ് സർക്കാരിനുണ്ടായ നഷ്ടത്തിന്റെ കണക്ക് വെളിപ്പെടുത്തിയത്.
2006 മുതൽ 2011 വരെ സംസ്ഥാനത്ത് വ്യാപകമായ രീതിയിൽ അനധികൃത ഖനനം നടന്നതായാണ് സർക്കാർ വ്യക്തമാക്കുന്നത്. 20 കോടി ടൺ ഇരുമ്പയിരെങ്കിലും അനധികൃതമായി കുഴിച്ചെടുത്ത് കടത്തിക്കൊണ്ടുപോയിട്ടുണ്ട്. 111 കമ്പനികൾ അനധികൃത ഖനനത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ചെറുകിട കമ്പനികൾ ഉൾപ്പെടെയാണിത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസുകളിൽ പ്രത്യേക അന്വേഷണസംഘത്തിന്റെയും സിബിഐയുടെയും അന്വേഷണം നടന്നുവരുകയാണെന്നും അദ്ദേഹംപറഞ്ഞു. രാഷ്ട്രീയ നേതാക്കളടക്കമുള്ള കേസുകളാണിവ. അനധികൃത ഖനനത്തിൽ നേടിയ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായാണ് റിക്കവറി കമ്മിഷണറെ നിയമിക്കുന്നത്.