മൈസൂരു : ഈവർഷം മൈസൂരു ദസറ ‘ക്ലീൻ’ ആക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ. ദസറയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനുപുറമെ റോഡുകളിലെ കുഴിയടക്കുക, അനധികൃത തെരുവ് കച്ചവടക്കാരെ നീക്കം ചെയ്യുക തുടങ്ങിയതിനുള്ള നടപടിയും സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് മൈസൂരു സിറ്റി കോർപ്പറേഷൻ കമ്മിഷണർ ഷെയ്ഖ് തൻവീർ ആസിഫ് പൗരപ്രമുഖ സംഘങ്ങൾ, എൻജിഒകൾ, വിവിധ അസോസിയേഷനുകൾ എന്നിവരുൾപ്പെടെയുള്ളവരുടെ യോഗം കോർപ്പറേഷൻ ഓഫീസിൽ വിളിച്ചുചേർത്തു. യോഗത്തിൽ ‘ക്ലീൻ ദസറ’ പോസ്റ്ററുകൾ കമ്മിഷണർ പുറത്തിറക്കി.
പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കമ്മിഷണർ യോഗത്തിൽ പറഞ്ഞു.പ്രധാനപാതകളിലെ നടപ്പാതകൾ കൈയേറിയുള്ള തെരുവ് കച്ചവടം നഗരത്തിൻ്റെ ദൃശ്യഭംഗി നശിപ്പിക്കുമെന്ന് അഭിപ്രായമുയർന്നു.വിദേശ വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും കാൽനടയായി നഗരം ചുറ്റിനടക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, നടക്കാൻ അധികം സ്ഥലമില്ലാത്തതിനാലും വഴിയോര കച്ചവടക്കാർ നടപ്പാതകളുടെയും റോഡുകളുടെയും ഓരോഭാഗവും കൈവശപ്പെടുത്തിയതിനാലും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. സന്ദർശകരിൽ അവബോധം സൃഷ്ടിക്കുന്നതിനായി, ശുചിത്വം പാലിക്കാനുള്ള സന്ദേശമുള്ള പോസ്റ്ററുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കും.
പൗരന്മാരുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കായി സന്നദ്ധസേവന സംഘത്തെ തിരഞ്ഞെടുക്കും. ഭക്ഷ്യമേളകളിൽ ഭക്ഷണം പാഴാക്കുന്നതിനെതിരെ കോർപ്പറേഷൻ ഡിജിറ്റൽ കാമ്പയിൻ ആരംഭിക്കും. പൊതുജനങ്ങളിലും വിനോദസഞ്ചാരികളിലും ഭക്ഷണം പാഴാക്കുന്ന ശീലത്തിനെതിരെ അവബോധം സൃഷ്‌ടിക്കുന്നതിനായി ഡിജിറ്റൽ ബോർഡുകൾ സ്ഥലങ്ങളിൽ സ്ഥാപിക്കും. നഗരത്തിലെ ഖരമാലിന്യങ്ങൾ ശേഖരിക്കാൻ സന്നദ്ധപ്രവർത്തകർ മുന്നോട്ട് വന്നിട്ടുണ്ട്. പ്ലാസ്റ്റിക് വലിച്ചെറിയുന്നവരിൽനിന്ന് 500 രൂപയിൽ കുറയാത്ത പിഴ ചുമത്തണമെന്നും നിർദേശമുയർന്നു.