കർണാടകയില്‍ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയില്‍ പഴം പച്ചക്കറി ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്.നിലവില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ യാത്ര നിരോധനമുള്ള ബന്ദിപ്പൂർ പാതയില്‍ എല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ നിയന്ത്രണം ഏർപ്പെടുത്താനാണ് വനം വകുപ്പിന്റെ ബന്ദിപ്പൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് കണ്‍സർവേറ്റർ എൻപി നവീൻകുമാർ ചാമരാജ് നഗർ കലക്ടർക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പഴം, പച്ചക്കറി, കരിമ്ബ് എന്നിവയുമായി പോകുന്ന ലോറികളെ ആനകള്‍ തടഞ്ഞുനിർത്തി പച്ചക്കറി അടക്കമുള്ള സാധനങ്ങള്‍ ഭക്ഷിക്കുന്ന സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് നിരോധനസമയം നീട്ടാൻ നിര്‍ദേശം നല്‍കിയത്.കേരളത്തിലെ വടക്കൻ ജില്ലകളിലേക്ക് പഴങ്ങളും പച്ചക്കറികളും എത്തുന്നത് കൂടുതലും മൈസൂരു, ചാമരാജനഗർ, കുടക് ജില്ലകളില്‍ നിന്നാണ്. രാത്രി യാത്ര നിരോധനത്തിന്റെ സമയം നേരത്തെ ആക്കുന്നതോടെ കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവിനെ ബാധിക്കും എന്നാണ് കരുതപ്പെടുന്നത്.
നാഗറഹോളേ വന്യജീവി സങ്കേതത്തിലൂടെയുള്ള മൈസൂരു- എച്ച് ഡി കോട്ട -ബാവലി- മാനന്തവാടി പാതയില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയും നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2009 മാര്‍ച്ചിലാണ് വനപാതയിലൂടെയുള്ള രാത്രി യാത്ര നിരോധനം നടപ്പിലാക്കിയത്. രാത്രി സഞ്ചരിക്കുന്ന വാഹനങ്ങള്‍ വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി ചാമരാജനഗർ ഡെപ്യൂട്ടി കമ്മിഷണറാണ് രാത്രി ഒമ്ബതുമുതല്‍ രാവിലെ ആറുവരെ ഗതാഗതം നിരോധിച്ചത്. കേരളത്തിന്റെ എതിർപ്പിനെത്തുടർന്ന് വിലക്ക് പിൻവലിച്ചെങ്കിലും 2010 മാർച്ച് ഒമ്ബതിന് കർണാടക ഹൈക്കോടതി നിരോധനം ശരിവെച്ച് ഉത്തരവിട്ടു. ഇതിനെതിരേ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.