Home Featured ബെംഗളൂരുവിലെ നിർമാണശാലയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

ബെംഗളൂരുവിലെ നിർമാണശാലയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

by admin

ബെംഗളൂരുവിലെ നഗർത്താപേട്ടില്‍ പ്ലാസ്റ്റിക് ഫ്ളോർമാറ്റ് നിർമാണശാലയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.ശനിയാഴ്ച ചുലർച്ചയോടെയാണ് പ്ലാസ്റ്റിക് ഫ്ളോർ നിർമാണ യൂണിറ്റും വീടും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. മദൻ കുമാർ (38), ഭാര്യ സംഗീത (33), മക്കളായ നിതേഷ് (7), വിഹാൻ (5) എന്നിവരാണ് മരിച്ചത്. ഇവരുടെ അയല്‍വാസിയായ സുരേഷ് കുമാർ ആണ് മരിച്ച അഞ്ചാമത്തെയാള്‍.നഗർത്താപേട്ടിയിലെ ഇടുങ്ങിയ പാതയിലുള്ള മൂന്നുനില കെട്ടിടത്തിലാണ് അപകടം നടന്നത്. പ്ലാസ്റ്റിക് ഫ്ളോർമാറ്റ് നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും കണ്‍ട്രോള്‍ റൂമിലേക്ക് തീപ്പിടിത്തം സംബന്ധിച്ച സന്ദേശം ലഭിച്ചത്. അഗ്നിരക്ഷാ-അടിയന്തര സേവന സംഘങ്ങള്‍ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.കെട്ടിടത്തിലെ ഒന്നും, രണ്ടും, മൂന്നും നിലകളില്‍ താമസസ്ഥലങ്ങളുള്ള കെട്ടിടത്തിലേക്ക് തീ അതിവേഗം വ്യാപിക്കുകയായിരുന്നു. പ്ലാസ്റ്റിക് ഫാക്ടറിയില്‍ നിന്നുള്ള തീയുടെയും സ്ഫോടനത്തിന്റെയും ശബ്ദം കേട്ട് നിരവധി താമസക്കാർ അടുത്തുള്ള കെട്ടിടത്തിലേക്ക് ചാടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.

10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവർക്ക് തീയണയ്ക്കാൻ സാധിച്ചത്.മദന്റെ കുടുംബം കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മൂന്നാംനിലയിലുള്ള അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ബെംഗളൂരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് സ്ഥലം സന്ദർശിച്ച്‌ രക്ഷാപ്രവർത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.കനത്ത ചൂടും പുകയും രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കി എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബിബിഎംപി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കെട്ടിടത്തിന്റെയും പ്ലാസ്റ്റിക് ഫാക്ടറിയുടെയും രേഖകള്‍ പരിശോധിച്ചുവരികയാണ്. ബെസ്കോം, അഗ്നിരക്ഷാ വകുപ്പ്, എഫ്‌എസ്‌എല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കമ്മീഷണർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group