കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതവുമായ സിദ്ധരാമയ്യ അന്തരിച്ചുവെന്ന ട്രാൻസ്ലേഷൻ പിഴവിൽ ക്ഷമാപണം നടത്തി ടെക് ഭീമനായ മെറ്റ. പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണമായത്. പോസ്റ്റ് ഓട്ടോ ട്രാൻസ്ലേറ്റ് ചെയ്തപ്പോള്‍ മരിച്ചത് സിദ്ധരാമ ആണെന്നായിരുന്നു കാണിച്ചത്. മെറ്റയുടെ വീഴ്ചയ്ക്കെതിരെ സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നതോടെയാണ് മെറ്റ ക്ഷമാപണം നടത്തിയത്.
ഓട്ടോ ട്രാൻസ്ലേഷൻ പ്രശ്നം പരിഹരിച്ചതായി മെറ്റ അറിയിച്ചു. തെറ്റായ കന്നഡ വിവർത്തനത്തിന് കാരണമായ പ്രശ്നം പരിഹരിച്ചു, സംഭവിച്ച പിഴവിൽ ഖേദിക്കുന്നതായും മെറ്റാ വക്താവ് വ്യാഴാഴ്ച വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.മുതിര്‍ന്ന നടി ബി സരോജ ദേവിക്ക് ഫേസ്ബുക്ക് കുറിപ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി. എന്നാല്‍ ഈ പോസ്റ്റിന്‍റെ ഓട്ടോ ട്രാന്‍സ്ലേഷനില്‍ എഴുതിക്കാണിച്ചതാണ് അബദ്ധമായി മാറിയത്. സരോജ ദേവിയുടെ സ്ഥാനത്ത് മരിച്ചത് സിദ്ധരാമയ്യ എന്നായിരുന്നു മെറ്റയുടെ ഓട്ടോ ട്രാന്‍സ്ലേഷന്‍ കാണിച്ചത്. “മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ അന്തരിച്ചു,
മുതിർന്ന നടിയുമായ ബി സരോജദേവിയുടെ ഭൗതികശരീരം ദർശിക്കുകയും അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്തു” എന്നായിരുന്നു തെറ്റായി വിവർത്തനമെന്ന് സിഎൻഎൻ അഫിലിയേറ്റ് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.മെറ്റയുടെ വീഴ്ചയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സിദ്ധരാമയ്യ പ്രതികരണം നടത്തിയത്. ഫേസ്ബുക്കിലെയും എക്‌സിലെയും പോസ്റ്റുകളിലെ ഓട്ടോ ട്രാൻസ്ലേഷൻ ടൂൾ അപകടകരമാണ് എന്ന് സിദ്ധരാമയ്യ വിമർശിച്ചു. ടെക് ഭീമന്മാരിൽ നിന്നുള്ള അത്തരം അശ്രദ്ധ പൊതുജനങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലെ ഓട്ടോ ട്രാൻസ്ലേഷൻ ടൂളുകളിൽ സംഭവിക്കുന്ന വീഴ്ചകളിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റയ്ക് ഇ മെയിൽ മുഖേനെ കത്തയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ചുകൊണ്ടുള്ള മെറ്റയുടെ ക്ഷമാപണം പുറത്തുവന്നത്.മൊഴിമാറ്റത്തില്‍ കൃത്യതയുറപ്പാക്കുന്നതുവരെ ഓട്ടോ ട്രാന്‍സലേഷന്‍ നിര്‍ത്തിവെക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മാധ്യമ ഉപദേശകന്‍ മെറ്റ അധികൃതര്‍ക്ക് അയച്ച ഇ മെയിലില്‍ വ്യക്തമാക്കുന്നുണ്ട്.
തങ്ങള്‍ കാണുന്നത് തര്‍ജ്ജമ ചെയ്യപ്പെട്ടതാണെന്ന് പലപ്പോഴും ജനങ്ങള്‍ക്ക് മനസ്സിലാകണമെന്നില്ല. ഔദ്യോഗിക സന്ദേശം തെറ്റായി ജനങ്ങളിലെത്തുന്നത് വളരെ അപകടകരമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.