Home Featured കര്‍ണാടകയില്‍ ഭവനപദ്ധതികള്‍ക്കുളള ന്യൂനപക്ഷ സംവരണം അഞ്ച് ശതമാനം വര്‍ധിപ്പിച്ചു

കര്‍ണാടകയില്‍ ഭവനപദ്ധതികള്‍ക്കുളള ന്യൂനപക്ഷ സംവരണം അഞ്ച് ശതമാനം വര്‍ധിപ്പിച്ചു

by admin

സംസ്ഥാനത്തെ വിവിധ ഭവന പദ്ധതികള്‍ക്കായുളള ന്യൂനപക്ഷങ്ങളുടെ സംവരണം അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. സംവരണം പത്ത് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്താന്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.ഭവന പദ്ധതികളില്‍ ന്യൂനപക്ഷങ്ങള്‍ക്കുളള സംവരണം അഞ്ച് ശതമാനം വര്‍ധിപ്പിക്കാനുളള ഭവനവകുപ്പിന്റെ നിര്‍ദേശം അംഗീകരിച്ചതായി നിയമ പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്‌ കെ പാട്ടീല്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നഗര, ഗ്രാമ പ്രദേശങ്ങളില്‍ നടപ്പാക്കുന്ന പൊതു ഭവന പദ്ധതികള്‍ക്ക് സംവരണം ബാധകമായിരിക്കും.

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു മാത്രമായുളള പദ്ധതികള്‍ക്ക് ഇത് ബാധകമല്ല.’ന്യൂനപക്ഷ സമുദായത്തില്‍ നിന്നുളള നിരവധി പേര്‍ ഭവനരഹിതരാണെന്ന് കണ്ടെത്തി. ഈ വസ്തുത പരിഗണിച്ചാണ് സംവരണം അഞ്ച് ശതമാനം വര്‍ധിപ്പിക്കാനുളള തീരുമാനം. സംസ്ഥാനത്തെ മുസ്‌ലിം, ക്രിസ്ത്യന്‍, ജൈന സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് ഈ വര്‍ധനവ് ഗുണം ചെയ്യും’- എച്ച്‌ കെ പാട്ടീല്‍ പറഞ്ഞു. നഗരങ്ങളില്‍ ഭവന വകുപ്പ് നിര്‍മ്മിച്ച നിരവധി ഫ്‌ളാറ്റുകള്‍ ആള്‍ത്താമസമില്ലാതെ കിടക്കുകയാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളിലുളളവര്‍ അവിടേക്ക് താമസം മാറാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, അതിനാല്‍ അവരുടെ സംവരണം പത്തില്‍ നിന്ന് പതിനഞ്ച് ശതമാനമായി വര്‍ധിപ്പിക്കുകയാണ് എന്നുമാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞത്.

അതേസമയം, സംവരണം ഉയര്‍ത്തിയതില്‍ വിമര്‍ശനവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും വര്‍ഗീയ വോട്ടുബാങ്ക് ലക്ഷ്യംവെച്ചുളള നടപടിയാണെന്നും ബിജെപി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ക്ഷേമത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനുളള വിപണിയാക്കി മാറ്റിയെന്ന് കര്‍ണാട ബിജെപി അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പറഞ്ഞു. സംവരണം വര്‍ധിപ്പിക്കാനുളള നീക്കം എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ അവസരം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം പാടില്ലെന്നുമാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group