ബെംഗളൂരു : രാമനഗരയിൽ ജാതി അധിക്ഷേപത്തിനിരയാവുകയും അക്രമികൾ കൈപ്പത്തി മുറിച്ചു കളയുകയും ചെയ്ത ദളിത് യുവാവിന് സർക്കാർ 13.91 ലക്ഷം രൂപ അനുവദിച്ചു. കൃത്രിമ കൈപ്പത്തിക്കുള്ള ചെലവിലേക്കാണ് തുക അനുവദിച്ചത്. കഴിഞ്ഞ ജൂലായിൽ മാലഗലു സ്വദേശിയായ അനീഷ് കുമാറിന്റെ (32) കൈയാണ് ഒരു സംഘമാളുകൾ മുറിച്ചുകളഞ്ഞത്.
ആക്രമണത്തിന്റെ കാഠിന്യം കണക്കിലെടുത്താണ് സാമൂഹിക ക്ഷേമവകുപ്പ് തുക അനുവദിച്ചത്. കഴിഞ്ഞ ജൂലായ് 21-ന് ആദി കർണാടക സമുദായത്തിൽപ്പെട്ട അനീഷ് കുമാർ ബന്ധുവിനൊപ്പം നടക്കുന്നതിനിടെ ഇതര സമുദായത്തിലെ ചിലർ ജാതി അധിക്ഷേപം നടത്തി.
പിന്നീട് അക്രമികൾ അനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ മർദിക്കുകയും അനീഷിൻ്റെ കൈപ്പത്തി മുറിച്ചു മാറ്റുകയുമായിരുന്നു. ആക്രമണത്തിൽ മൂന്നു സ്ത്രീകളുൾപ്പടെ ഏഴുപേർക്കാണ് പരിക്കേറ്റത്.സംഭവത്തിൽ കനകപുര സ്വദേശികളായ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ജീവത്യാഗംചെയ്തെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍
സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായികൂടിയായ സുന്ദരേശ്വരനും അറിയിച്ചു.നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.2010-ല്‍ സിനിമാനടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതുമുതല്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നിത്യാനന്ദ 2019-ല്‍ ഇന്ത്യ വിട്ടു.
തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്ബതിമാർ നല്കിയ പരാതിയില്‍ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടർന്നായിരുന്നു രാജ്യംവിട്ടത്.എക്വഡോറിനുസമീപം ഒരു ദീപില്‍ അനുയായികള്‍ക്കൊപ്പം കഴിയുന്നെന്നായിരുന്നു വിവരം. പിന്നീട് പലതവണ ഓണ്‍ലൈൻ മുഖേന ആത്മീയപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. കൈലാസ എന്നപേരില്‍ രാജ്യം സ്ഥാപിച്ചെന്നും അവകാശപ്പെട്ടു
.നിത്യാനന്ദ മരിച്ചെന്ന് 2022-ല്‍ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന താൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, കഴിഞ്ഞകുറച്ചുകാലമായി വീഡിയോ പ്രഭാഷണങ്ങള്‍ പുറത്തുവരുന്നില്ലായിരുന്നു.