ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും തക്കാളിവില കുതിച്ചുയരുന്നു.ഒരാഴ്ച മുൻപുവരെ കിലോയ്ക്ക് 40 രൂപയായിരുന്ന തക്കാളിവില ഇപ്പോൾ 100 രൂപയ്ക്കടുത്തെത്തി.നഗരത്തിലെ ചില കടകളിൽ 70 മുതൽ 90 രൂപവരെയാണ് ഇപ്പോൾ വില. ഓൺലൈനിൽ 100 രൂപ വരെയായി.ഉത്പാദനം കുറഞ്ഞതാണ് തക്കാളിവില ഉയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.ഇത്തവണ കാലവർഷം കനത്തത് കർഷകർക്ക് തിരിച്ചടിയായി.തക്കാളിച്ചെടിക്ക് രോഗബാധയുണ്ടാകുകയും ചെയ്തു.
വരവു കുറഞ്ഞു: ചെന്നൈയിൽ തക്കാളി കിലോയ്ക്ക് 110 രൂപ:ചെന്നൈ : വരവു കുറഞ്ഞതോടെചെന്നൈയിലും തക്കാളി വില കുതിക്കുന്നു. കോയമ്പേട് ചന്തയിൽ തിങ്കളാഴ്ച ഒരു കിലോ തക്കാളി 110 രൂപയ്ക്കാണ് വിറ്റത്. ചില്ലറ വിപണിയിൽ ഇതിൽക്കൂടുതൽ വിലയ്ക്കാണ് വിൽപ്പന. രണ്ടു ദിവസം മുൻപ് മൊത്തവിപണിയിൽ കിലോയ്ക്ക് 55 രൂപ നിരക്കിൽ വിറ്റിരുന്ന തക്കാളിയുടെ വില പൊടുന്നനെയാണ് കുതിച്ചുയർന്നത്. കോയമ്പേട് ചന്തയിലേക്ക് ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായും തക്കാളിയെത്തുന്നത്. മഴ തക്കാളിക്കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിൽ തന്നെയാണ് കൂടുതലായും വിറ്റഴിക്കപ്പെടുന്നത്. അതിനാൽ കോയമ്പേട് ചന്തയിലേക്ക് തക്കാളി വരവ് ദിനംപ്രതി കുറഞ്ഞുവരികയാണെന്നും അറുപതിലധികം ലോറികളെത്തിയിരുന്ന സ്ഥാനത്ത് 50-ൽ താഴെ മാത്രമെ ഇപ്പോൾ എത്തുന്നുള്ളൂയെന്നും വ്യാപാരികൾ പറഞ്ഞു.
കൊച്ചിയില്‍ അലൻ വാക്കറുടെ ഡിജെ ഷോയ്ക്കിടെ വ്യാപകമോഷണം
ലോകപ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കറുടെ ഡി ജെ ഷോയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി. വിലകൂടിയ മുപ്പതോളം സ്മാർട് ഫോണുകളാണ് ഞായറാഴ്ച രാത്രി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ നഷ്ടമായത്.ഫോണ്‍ നഷ്ടപ്പെട്ടവർ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസൂത്രിതമായി നടത്തിയ മോഷണമാകാനിടയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഗീതനിശയ്ക്കിടെ കാണികള്‍ തുള്ളിച്ചാടിയപ്പോള്‍ തെറിച്ചുവീണ ഫോണുകള്‍ ആരെങ്കിലും എടുത്തുകൊണ്ടുപോയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആറായിരത്തോളം കാണികളാണ് കൊച്ചിയില്‍നടന്ന പരിപാടിയില്‍ പങ്കെടുത്തത്. ആരാധകരുടെ ഒഴുക്ക് കണക്കിലെടുത്ത് വലിയ സുരക്ഷയും ഗതാഗത നിയന്ത്രണവും പോലീസ് ഏർപ്പെടുത്തിയിരുന്നു. ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു നോർവീജിയൻ സംഗീതജ്ഞൻ അലൻവാക്കർ