Home Featured ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ അപകടം; നാലു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു;മൃതദേഹങ്ങൾ ഇന്ന് ബെംഗളൂരുവിലെത്തിച്ചേക്കും

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ അപകടം; നാലു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു;മൃതദേഹങ്ങൾ ഇന്ന് ബെംഗളൂരുവിലെത്തിച്ചേക്കും

by admin

ബംഗളൂരു: ഉത്തരാഖണ്ഡിലെ ഹിമാലയൻ പർവതമേഖലയില്‍ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെ തുടർന്ന് മരണപ്പെട്ട ഒമ്ബതുപേരില്‍ ബാക്കി നാലുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.

മലയാളികളടക്കം ഉള്‍പ്പെട്ട ബംഗളൂരുവില്‍നിന്നുള്ള ട്രക്കിങ് സംഘമാണ് അപകടത്തില്‍പെട്ടത്. കർണാടക മൗണ്ടനിയറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളികളടക്കം 18 പേരും മഹാരാഷ്ട്രയില്‍നിന്നുള്ള ഒരാളും മൂന്നു ഗൈഡുകളുമാണ് സംഘത്തിലുണ്ടായിരുന്നത്.

ഇവരില്‍ ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ആശ സുധാകർ (71), ബംഗളൂരു സ്വദേശികളായ അനിത രംഗപ്പ (55), കെ. വെങ്കടേശ് പ്രസാദ് (53), വിനായക് മുംഗുർവാടി (52), സുജാത മുംഗുർവാടി (52), കെ.പി. പത്മനാഭ (50), ചിത്ര പ്രണീത് (48), സിന്ധു വെക്‍ലാം (44), പത്മിനി ഹെഗ്ഡെ (34) എന്നിവരാണ് മരിച്ചത്. ഇവരില്‍ ആശ സുധാകർ, വിനായക്, സുജാത, ചിത്ര, സിന്ധു എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. പത്മനാഭ, വെങ്കടേശ് പ്രസാദ്, അനിത രാമപ്പ, പത്മിനി ഹെഗ്ഡെ എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്. മരണപ്പെട്ട ആശയുടെ ഭർത്താവ് സുധാകർ അടക്കം 13 പേരെ രക്ഷപ്പെടുത്താനായി.

മേയ് 29ന് മനേരിയിലെ ഹിമാലയൻ വ്യൂ ട്രക്കിങ് ഏജൻസി വഴിയാണ് സംഘം ട്രക്കിങ്ങിന് പുറപ്പെട്ടത്. വെള്ളിയാഴ്ച മടങ്ങാനിരിക്കെ, മോശം കാലാവസ്ഥ കാരണം വഴിതെറ്റി അവസാന ബേസ് ക്യാമ്ബായ സഹസ്രദളില്‍ എത്തുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അപ്രതീക്ഷിതമായി കനത്ത കാറ്റും മഞ്ഞുവീഴ്ചയും സംഘാംഗങ്ങളെ വഴിതെറ്റിക്കുകയായിരുന്നു. വൈകീട്ട് നാലോടെ മഞ്ഞുവീഴ്ച ശക്തമായി.

ആറുമണിയോടെ ആദ്യത്തെ രണ്ടുപേർ മരിച്ചതായി ഡെറാഡൂണിലെത്തി രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ചിലർ രാത്രിയോടെ മരണത്തിന് കീഴടങ്ങി. ജൂണ്‍ നാലിന് മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

രാവിലെ 11ഓടെ ചിലർ ക്യാമ്ബിലേക്ക് നീങ്ങി. ഗൈഡുമാർ ക്യാമ്ബിലെത്തി മുകളിലേക്ക് തിരിച്ചുവന്ന് കുടുങ്ങിയവർക്ക് ഭക്ഷണമെത്തിച്ചു. വിവരമറിഞ്ഞ് ചൊവ്വാഴ്ച രാത്രിതന്നെ കർണാടക, ഉത്തരാഖണ്ഡ് സർക്കാറുകള്‍ രക്ഷാപ്രവർത്തനത്തിന് പദ്ധതിയിട്ടു. ബുധനാഴ്ച രാവിലെ ഇന്ത്യൻ സൈനികരും വ്യോമസേനയും സംസ്ഥാന ദുരന്തനിവാരണ സംഘവും രക്ഷാപ്രവർത്തനത്തിനിറങ്ങി. ദുർഘടമായ കാലാവസ്ഥയില്‍ വ്യോമസേനയുടെ എം.ഐ 17 വി ഫൈവ് ഹെലികോപ്ടറുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്.

രക്ഷപ്പെട്ടവരെയും മരിച്ചവരെയും വിവിധ ഘട്ടങ്ങളിലായി ഹെലികോപ്ടറുകളില്‍ ഡെറാഡൂണിലേക്ക് മാറ്റി. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group