ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ.ശിവകുമാർ എന്നിവർക്ക് ബംഗളൂരു പ്രത്യേക കോടതി സമൻസ് അയച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്കിയ പത്ര പരസ്യത്തിനെതിരെ ബി.ജെ.പി ഫയല്‍ ചെയ്ത അപകീർത്തിക്കേസില്‍ മൂവരും ഈ മാസം 28നകം ഹാജരാകണം. ബസവരാജ് ബൊമ്മൈ നേതൃത്വം നല്കിയ കർണാടകയിലെ മുൻ ബി.ജെ.പി സർക്കാറിനെ 40 ശതമാനം കമീഷൻ സർക്കാർ എന്നാക്ഷേപിച്ച് പത്രങ്ങളില്‍ വന്ന മുഴുവൻ പേജ് പരസ്യമാണ് കേസിന്നാധാരം. സമൂഹ മാധ്യമങ്ങള്‍, പ്രസംഗങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങി വിവിധ രീതിയില്‍ നടത്തിയ പ്രചാരണം കൂടാതെയാണ് മുഴുവൻ പേജ് പരസ്യവും നല്‍കിയതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. ശിവപ്രസാദ് ഫയല്‍ ചെയ്ത കേസില്‍ പറഞ്ഞു. കർണാടക കോണ്‍ഗ്രസ് പാർട്ടിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 499 (വാക്ക്, അച്ചടി, ദൃശ്യം എന്നിവയിലൂടെ അപകീർത്തിപ്പെടുത്തല്‍), 500 (അപകീർത്തിപ്പെടുത്തുന്നവർക്ക് രണ്ടുവർഷം വരെ ലളിതമായ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ) എന്നിവ പ്രകാരം കേസെടുക്കാൻ കോടതി നിർദേശിച്ചു.