ബെംഗളൂരു: ഗതാഗതക്കുരുക്കിന് അറുതിവരുത്താൻ ജാപ്പനീസ് ട്രാഫിക് സിഗ്നൽ ടെക്നോളജിയിലേക്ക് കടക്കാനൊരുങ്ങി ബെംഗളൂരു. പരീക്ഷണാടിസ്ഥാനത്തിൽ, അൾസൂരൂവിലെ കെൻസിങ്ടൺ റോഡ്, മുർഫി റോഡ് എന്നിവിടങ്ങളിലെ ജങ്ഷനുകളിൽ ജാപ്പനീസ് മോഡറാറ്റോ (MODERATO- മാനേജ്മെൻ്റ് ഓഫ് ഒറിജിൻ – ഡസ്റ്റിനേഷൻ – റിലേറ്റഡ് അഡാപ്റ്റേഷൻ ഫോർ ട്രാഫിക് ഒപ്റ്റിമൈസേഷൻ) എന്ന ടെക്നോളജി പ്രവർത്തനക്ഷമമാക്കി. എംജി റോഡ് ഉൾപ്പെടെ നഗരത്തിലെ 28 പ്രധാന ജങ്ഷനുകളിലടക്കം ഇവ നേരത്തെ സ്ഥാപിച്ചിരുന്നെങ്കിലും കുറച്ചു മാസങ്ങളായി പ്രവർത്തനക്ഷമമല്ല.നിലവിൽ നിശ്ചിത സമയം അനുസരിച്ചുള്ള, സാധാരണ സിഗ്നൽ സംവിധാനങ്ങളാണ് നഗരത്തിലുടനീളമുള്ളത്.
ഓരോ ജങ്ഷനിലെയും വാഹന സാന്ദ്രത അനുസരിച്ചു സിഗ്നലുകൾ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതാണ് ജാപ്പനീസ് മോഡറാറ്റോ ടെക്നോളജിയുടെ പ്രത്യേകത. വിഐപി, അടിയന്തര വാഹനങ്ങൾ എന്നിവയുടെ യാത്രയ്ക്ക് തടസ്സം വരാതിരിക്കാൻ മാനുവൻ ഓപ്ഷനും സിഗ്നലിലുണ്ട്.കെൻസിങ്ടൺ റോഡ്, മുർഫി റോഡ് എന്നിവിടങ്ങളിൽ കഴിഞ്ഞ ആഴ്ച മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടിൻ്റെ പദ്ധതിക്ക് അനുസൃതമായി ടെസ്റ്റിങ് വിജയകരമായാൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 28 സിഗ്നലുകളും മാർച്ച് മാസത്തോടെ പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതിയെന്ന് അധികൃതരെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തു.
ജാപ്പനീസ് ഇൻ്റർനാഷണൽ കോർപറേഷൻ ഏജൻസി (ജെഐസിഎ) ആണ് പദ്ധതിക്ക് ആവശ്യമായ 72 കോടി രൂപ ചെലവഴിക്കുന്നത്. ജാപ്പനീസ് കമ്പനിയായ നഗോയ ഇലക്ട്രിക് വർക്ക്സ് കമ്പനി ലിമിറ്റഡ് ആണ് ടെക്നോളജി സ്ഥാപിക്കുന്നത്. നിലവിൽ സിഗ്നലുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും സെൻസറുമായി ബന്ധപ്പെട്ട പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. കൂടാതെ, സിഗ്നനലുകളിലേക്കുള്ള വൈദ്യുതീകരണവും പൂർത്തിയായി. സെൻസറുകളിലേക്കുള്ള വൈദ്യുതീകരണം ഈ മാസം അവസാനത്തോടെ പൂർത്തിയാകും.നഗരത്തിലെ ജാപ്പനീസ് ട്രാഫിക് സിഗ്നൽ പദ്ധതി 2014ൽ പ്രഖ്യാപിച്ചതാണെങ്കിലും 2021 ജൂലൈയിലാണ് ചലനമുണ്ടായത്. തുടർന്നും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യം നേരിട്ടു.
വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പദ്ധതി വൈകുന്നതിന് ഇടയാക്കി. സിഗ്നൽ കമ്മീഷൻ ചെയ്ത ശേഷം ട്രാഫിക് പോലീസിന് കൈമാറും. ഏറ്റവും ഒടുവിലത്തെ ട്രാഫിക് ഇൻഡക്സ് പ്രകാരം, 2023ൽ ലോകത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരങ്ങളിൽ ആറാം സ്ഥാനത്താണ് ബെംഗളൂരു.
രാജ്യത്തെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രം സജ്ജമാക്കി കെല്‍ട്രോണ്‍
കണ്ണൂര്‍ : കേരളത്തിന് അഭിമാനമായി രാജ്യത്തെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രം മാങ്ങാട്ടുപറമ്പ് കെല്‍ട്രോണില്‍ പ്രവര്‍ത്തന സജ്ജമായി.ഉയര്‍ന്ന ഊര്‍ജസംഭരണ ശേഷിയുള്ള പുതുതലമുറ കപ്പാസിറ്ററാണ് സൂപ്പര്‍ കപ്പാസിറ്റര്‍. കുറഞ്ഞ വോള്‍ട്ടേജ് പരിധിയിലും കൂടുതല്‍ ഊര്‍ജം സംഭരിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകളേക്കാള് നൂറ് മടങ്ങാണ് ഊര്‍ജ സംഭരണശേഷി.ഓട്ടോമോട്ടീവ്, പുനരുപയോഗ സാധ്യതയുള്ള ഊര്‍ജം, ബഹിരാകാശ വിക്ഷേപണ വാഹനം, പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ അവിഭാജ്യ ഘടകമാണിത്.42 കോടി രൂപ മുതല്‍ മുടക്കില്‍ ഐഎസ്ആര്‍ഒയുടെ സാങ്കേതിക സഹായത്തോടെയാണ് സൂപ്പര്‍ കപ്പാസിറ്ററിന്റെ ഉല്‍പ്പാദനം. നിലവില്‍ വിദേശത്ത് നിന്നാണ് സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഇറക്കുമതി ചെയ്യുന്നത്.18 കോടി മുതല്‍ മുടക്കിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം സജ്ജമാക്കിയത്. മെഷിനറികള്‍, 3.5 കോടി മുതല്‍ മുടക്കിലുള്ള ഡ്രൈറൂമുകള്‍, അഞ്ച് കോടിയുടെ കെട്ടിടം എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്.
പ്രതിദിനം 2100 കപ്പാസിറ്റാണ് ഉല്‍പ്പാദനശേഷി. വി എസ്എ സ് സി, സിമെറ്റ്, എന്‍ എം ആര് എല്‍ എന്നീ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന മാങ്ങാട്ടുപറമ്പ് കെല്‍ട്രോണ്‍ രാജ്യത്തിന് സമര്‍പ്പിക്കുന്ന ബൃഹദ് പദ്ധതിയാണിതെന്ന് എംഡി കെ ജി കൃഷ്ണകുമാര്‍ പറഞ്ഞു. ആദ്യഘട്ടം കമീഷന് ചെയ്ത് നാലാം വര്‍ഷത്തോടെ 22 കോടിയുടെ വാര്‍ഷിക വിറ്റുവരവും 2.72 കോടിയുടെ വാര്‍ഷിക ലാഭവുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.