ബെംഗളൂരു:ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി ചുരുക്കുന്ന ഗ്രീൻഫീൽഡ് അതിവേഗപാതയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. ഈ വർഷം ഡിസംബറോടെ പാത യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. നിലവിൽ ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് റോഡുമാർഗം സഞ്ചരിക്കാൻ ശരാശരി അഞ്ചുമുതൽ ആറുമണിക്കൂർവരെ വേണം. പുതിയ പാത വരുന്നതോടെ ഇത് രണ്ടുമണിക്കൂർ മുതൽ മൂന്നുമണിക്കൂർ വരെയായി ചുരുങ്ങും.
കർണാടകത്തിലെയും തമിഴ്നാട്ടിലെയും വിവിധ നഗരങ്ങളുടെ സാമ്പത്തിക വികസനത്തിന് വഴിവെക്കുന്നതിനൊപ്പം കർണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും വ്യവസായ ഹബ്ബുകളെ ചെന്നൈ തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനും അതിവേഗപാത ഉപകരിക്കും. കർണാടകത്തിൽ ഹൊസ്കോട്ടെ, മാലൂർ, ബംഗാരപേട്ട്, കോലാർ, ആന്ധ്രാപ്രദേശിലെ ചിറ്റൂർ, പലമനെർ എന്നീ നഗരങ്ങളിലൂടെയാണ് പാത തമിഴ്നാട്ടിലെത്തുക. 17,000 കോടി രൂപ ചെലവഴിച്ചാണ് 285.3 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി അതിവേഗപാത യാഥാർഥ്യമാക്കുന്നത്. പരമാവധി 120 കിലോമീറ്റർ വേഗമായിരിക്കും പാതയിൽ അനുവദിക്കുകയെന്നാണ് വിവരം. പതുക്കെപ്പോകുന്ന വാഹനങ്ങൾ, ബൈക്കുകൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് പാതയിൽ പ്രവേശനമുണ്ടാകില്ല.
2022 മേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്. മൂന്നുഘട്ടങ്ങളിലായിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ വർഷം മാർച്ചിൽ തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ദേശീയപാതാ അധികൃതർക്ക് നിർമാണ സാമഗ്രികൾ ലഭ്യമാക്കാൻ സംസ്ഥാനസർക്കാരുകളോട് ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്.