Home Featured ബെംഗളൂരു പെരിഫറൽ റിങ് റോഡ്: ആഗോള ടെൻഡർ വിളിച്ച് ബി.ഡി.എ.

ബെംഗളൂരു പെരിഫറൽ റിങ് റോഡ്: ആഗോള ടെൻഡർ വിളിച്ച് ബി.ഡി.എ.

ബെംഗളൂരു: നഗരത്തിലെ മുഖച്ഛായ മാറ്റുമെന്ന് കരുതപ്പെടുന്ന പദ്ധതിയായ പെരിഫറൽ റിങ് റോഡിന് ( പി.ആർ.ആർ.) ആഗോള ടെൻഡർ വിളിച്ച് ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.). ചൊവ്വാഴ്ചയാണ് ടെൻഡർ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ബി.ഡി.എ. പുറത്തിറക്കിയത്. മാർച്ച് രണ്ടുവരെ ടെൻഡറുകൾ സമർപ്പിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. 74 കിലോമീറ്റർ നീളമുള്ള റോഡിന് 27,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പൊതു- സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും പദ്ധതി പൂർത്തിയാക്കുക.തുമകൂരു റോഡിനേയും ഹൊസൂർ റോഡിനേയും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പെരിഫറൽ റിങ് റോഡ്. 2007-ലാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. അന്നു തയ്യാറാക്കിയ പദ്ധതി രേഖയിൽ 3,000 കോടിരൂപയായിരുന്നു പദ്ധതിക്കുവേണ്ടി വകയിരുത്തിയ തുക.

എന്നാൽ സ്ഥലമേറ്റെടുക്കുന്നതുസംബന്ധിച്ച തർക്കത്തെത്തുടർന്ന് പദ്ധതി നീണ്ടുപോകുകയായിരുന്നു. നിലവിലെ കണക്കനുസരിച്ച് 2,560 ഏക്കർ ഭൂമിയാണ് റോഡിനുവേണ്ടി ഏറ്റെടുക്കേണ്ടത്. ഇതിനായി 21,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. നഗരത്തിന്റെ സമീപജില്ലകളിൽനിന്നും മറ്റു ജില്ലകളിലേക്ക് പോകുന്നവർക്ക് നഗരത്തിലേക്ക് പ്രവേശിക്കാതെ പോകാൻ പദ്ധതി പൂർത്തിയാകുന്നതോടെ കഴിയും.

ഹെസരഘട്ട റോഡ്, ദൊഡ്ഡബെല്ലാപുര റോഡ്, ബെല്ലാരി റോഡ്, ഹെന്നൂർ റോഡ്, ഓൾഡ് മദ്രാസ് റോഡ്, ഹൊസക്കോട്ടെ റോഡ്, സർജാപുര റോഡ് തുടങ്ങിയ റോഡുകളുമായി ബന്ധിപ്പിച്ചാണ് എട്ടുവരിയുള്ള നിർദിഷ്ട റിങ് റോഡ് പദ്ധതി പൂർത്തിയാക്കുക.റോഡ് ഗതാഗതത്തിന് തുറന്നുകഴിഞ്ഞാൽ 50 വർഷത്തേക്ക് നിർമാണ കമ്പനിക്കായിരിക്കും റോഡിന്റെ പരിപാലനച്ചുമതലയും ടോൾ പിരിക്കാനുള്ള ചുമതലയും. ടോളിലൂടെ ലഭിക്കുന്ന തുക സർക്കാരുമായി പങ്കിടണം. അതേസമയം, ഇതുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളിൽ നിർമാണ കമ്പനികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.2022-ൽ രണ്ടുതവണ പദ്ധതിക്കായി ടെൻഡർ വിളിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും സ്വകാര്യ നിർമാണ കമ്പനികൾ താത്പര്യം പ്രകടിപ്പിക്കാത്തതിനെത്തുടർന്ന് അവസാനവട്ടം പിൻവലിക്കേണ്ടിവന്നിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group